ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര ഇന്ന് നടക്കും. രാവിലെ എട്ടിന് എഴുന്നള്ളത്ത്, പത്തിന് കലശാഭിഷേകം. വൈകിട്ട് മൂന്നിന് ചക്കുളത്തുകാവിലമ്മയ്‌ക്ക് ചാര്‍ത്താനുള്ള തങ്ക തിരുവാഭരണം കാവുംഭാഗം തിരു.ഏറങ്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്ന് വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍,നിരവധി ഫ്‌ളോട്ടുകള്‍തുടങ്ങിയവയുടെ അകമ്പടിയോടെ ആഘോഷപൂര്‍വ്വം ചക്കുളത്തുകാവിലേക്ക് എഴുന്നള്ളിക്കും.
ഘോഷയാത്ര കാവുംഭാഗം, മണിപ്പുഴ,പൊടിയാടി, നെടുംമ്പ്രം വഴി ക്ഷേത്രത്തിലെത്തുമ്പോള്‍ പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നു കാവടി വിളക്ക്, ചക്കുളത്തുകാവ് ജംഗ്ഷനില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന താലപ്പൊലി എന്നിവ ഘോഷയാത്രയോടൊപ്പം അണിചേരും.
വൈകിട്ട് 6.30ന് ശ്രീ വിദ്യാ പ്രദീപ് അവതരിപ്പിക്കുന്ന ഭരതനാട്യം ഡോ. നീനാ പ്രസാദിന്റെ നാട്ടുവങ്കം, തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തിയാലുടന്‍ രാത്രി 9 ന് തിരുവാഭരണം ചാര്‍ത്തി സര്‍വ മംഗള ആരതി എന്നിവയും നടക്കും.
പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന്റെ സമാപന ദിവസമായ നാളെ രാവിലെ ഒന്‍പതിന് ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവും പത്തിന് ഏവുര്‍ രഘുനാഥന്‍ നായരുടെ ഓട്ടന്‍ തുള്ളലും തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒന്നിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ഒളശ്ശ മംഗലത്തില്ലത്ത് ഗോവന്ദന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് ആറിന് കാരിക്കുഴി എല്‍പി സ്‌കൂളിനു സമീപമുള്ള താല്ക്കാലിക മണ്ഡപത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്രയും, ചമയക്കൊടിയിറക്കും രാത്രി 8 ന് രമേശ് പിഷാരടിയും ധര്‍മ്മന്‍ ബോള്‍ഗാട്ടിയും അവതരിപ്പിക്കുന്ന മെഗാ ഷോയും നടക്കും.
















