ആലപ്പുഴ: രാക്ഷസ തിരമാലകള്‍ തീരം കവര്‍ന്ന സുനാമി ദുരന്തത്തിന് നാളെ 11 വയസ് തികയുമ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇന്നും കൂട്ട് ദുരിതങ്ങള്‍ മാത്രം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത് ആറാട്ടുപുഴ പഞ്ചായത്തിലാണ്. പുറക്കാട്, അന്ധകാരനഴി തീരങ്ങളിലും നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം 29 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വേളാങ്കണിയില്‍ തീര്‍ത്ഥാടനത്തിന് പോയ ചേര്‍ത്തല സ്വദേശികളും ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.
കെടുതികള്‍ ഏറെയുണ്ടായ ആറാട്ടുപുഴയില്‍ പുനരധിവാസം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ലന്നതാണ് ദുരവസ്ഥ. പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന പല പദ്ധതികളുടെയും പ്രയോജനം പൂര്‍ണമായും ഇവിടുത്തുകാര്‍ക്ക് ലഭിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സുനാമിയെന്ന് കേള്‍ക്കുക മാത്രമുണ്ടായ പ്രദേശങ്ങളില്‍ വരെ ചെലവഴിച്ച സര്‍ക്കാരാണ് നമ്മുടേത്. ഓരോ വാര്‍ഷവും പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്ക് മാത്രം കുറവില്ല. പ്രദേശത്ത് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു.
സുനാമി ദുരന്തത്തെ തുടര്‍ന്ന് ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 19 റോഡുകള്‍ നിര്‍മ്മിക്കുന്നതിന് 2005-06 സുനാമി പ്രത്യേക എസ്ജിഐര്‍വൈ പദ്ധതി പ്രകാരം 1.31 കോടി രൂപ അനുവദിച്ചിരുന്നു. മുതുകുളം ബ്‌ളോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴും ആറാട്ടുപുഴ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടും റോഡുകളാണ് അനുവദിച്ചത്. ജോലിക്ക് കൂലി ഭക്ഷണം എന്നതായിരുന്നു പദ്ധതി നടത്തിപ്പിന്റെ രീതി. ജനകീയ കമ്മിറ്റിക്കായിരുന്നു നിര്‍മ്മാണചുമതല. തുകയുടെ 40 ശതമാനം ധാന്യമായി മുന്‍കൂര്‍ നല്‍കും. എന്നാല്‍ ജനകീയ കമ്മിറ്റികളെ കബളിപ്പിച്ചും പരേതരെയടക്കം ഉള്‍പ്പെടുത്തി വ്യാജകമ്മിറ്റികള്‍ ഉണ്ടാക്കിയും ചിലര്‍ ലഭിച്ച ധാന്യം രണ്ടിരട്ടിയിലധികം വിലയ്‌ക്ക് മറിച്ച് വിറ്റ് പദ്ധതി അട്ടിമറിക്കുകയായിരുന്നു. ഒരു കോടിയിലധികം രൂപയുടെ അഴിമതിയാണ് പദ്ധതി നടത്തിപ്പില്‍ ഉണ്ടായതെന്നാണ് ആക്ഷേപം. ബ്‌ളോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതാനും റോഡുകള്‍ നാമമാത്രമായി പണികള്‍ തുടങ്ങിയെന്നതൊഴിച്ചാല്‍ ഭൂരിഭാഗം റോഡുകളുടെയും നിര്‍മ്മാണം നടന്നിട്ടില്ല.
പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഡിബി ധനസഹായത്തോടെ കായംകുളം ആറാട്ടുപുഴ കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 18.5 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പദ്ധതി 2010 മേയില്‍ കമ്മിഷന്‍ ചെയ്തു. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് പൂര്‍ണമായും ലഭിച്ചിട്ടില്ല. ഈ പദ്ധതിയുടെ മറവില്‍ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന നിരവധി കുടിവെള്ള പദ്ധതികള്‍ വാട്ടര്‍ അതോറിറ്റി നിറുത്തലാക്കുകയും ചെയ്തു.
വലിയഴീക്കല്‍ മുതല്‍ ആറാട്ടുപുഴ വരെയുള്ള സൂനാമി ബാധിതരെ പ്രദേശത്തിന് കിഴക്കുള്ള വിവിധ സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. പൂര്‍ണമായും കടലുമായി ബന്ധപ്പെട്ട് തൊഴില്‍ മാത്രം ചെയ്ത് ശീലിച്ച ജനതയെയാണ് സൂനാമിയുടെ പേരുപറഞ്ഞ് അവരുടെ സ്വാഭാവിക ആവാസ സ്ഥാനത്തുനിന്ന് മാറ്റി ഒറ്റപ്പെട്ട തുരുത്തുകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചത്. പ്രധാനമായും ഏഴു കോളനികളാണ് സര്‍ക്കാര്‍ സൂനാമി പുനരധിവാസത്തിനായി വലിയഴീക്കലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചത്. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമുണ്ടായത് വലിയഴീക്കല്‍ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന കൊച്ചീടെജെട്ടി പാലമാണ്.
















