കൊച്ചി: ഹൈക്കോടതി കെട്ടിടത്തിലേക്ക് അനധികൃതമായി കാറോടിച്ചു കയറ്റിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി വിനോ (38) ആണ് കസ്റ്റഡിയിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹൈക്കോടതി ജഡ്ജിമാര്‍ക്കു മാത്രം പ്രവേശനമുള്ള ഗേറ്റിലൂടെയാണ് ഇയാള്‍ കാറുമായി അകത്തുകടന്നത്.
ജഡ്ജിമാരില്‍ ഒരാളുടെ കാറിനെ പിന്തുടര്‍ന്നാണ് അമിതവേഗത്തില്‍ കാര്‍ ഈ ഗേറ്റുവഴി കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ഗേറ്റില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകടകരമായി വാഹനമോടിച്ചതിനും അതിക്രമിച്ചു കയറിയതിനും കേസെടുത്തിട്ടുണ്ട്. യുവാവിന് മാനസിക അസ്വാസ്ഥ്യമുള്ളതായും ബന്ധുക്കള്‍ എത്തിയശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയയ്‌ക്കുമെന്നും സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
















