വിഴിഞ്ഞം: തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ട്രയല്‍ റണ്‍ ഘട്ടത്തിലായിരുന്ന ഡ്രഡ്ജര്‍ ഇന്നലെയോടെ പൂര്‍ണതോതില്‍ കടല്‍ ഖനനം തുടങ്ങി. തുറമുഖ നിര്‍മാണത്തിനായി കടല്‍ തുരക്കുന്ന ഡ്രഡ്ജര്‍ ശാന്തി സാഗര്‍ 12 യഥാര്‍ഥ വേഗം കൈവരിച്ചതോടെ കടല്‍ പിന്‍വാങ്ങി തീരം രൂപപ്പെടുന്നതിന്റെ വേഗവും വര്‍ധിച്ചു.
കാണക്കാണെ തീരം രൂപപ്പെടുന്ന കാഴ്ചയാണിവിടെ. ഡ്രഡ്ജിംഗ് തുടങ്ങി ഇത്രയും ദിവസത്തിനിടെ ഏതാണ്ട് മുന്നൂറു മീറ്ററോളം ദൂരത്തേക്ക് കടല്‍ പിന്‍വാങ്ങിയിട്ടുണ്ട്. കടല്‍ പിന്നിലേക്കു മാറിയ വിശാല തീരക്കാഴ്ചയാണിവിടെ.
മുല്ലൂരില്‍ കടല്‍ പിന്‍വാങ്ങി തീരം രൂപപ്പെടുന്നത് നിമിഷ വേഗത്തില്‍. കരയിലേക്ക് മണ്ണ് നിക്ഷേപിക്കലിനു നീക്കം തുടങ്ങി. ഇതിനായി എത്തിച്ച 18 ഷോര്‍ ലൈന്‍ പൈപ്പുകളെക്കൂടാതെ മുപ്പതോളം പൈപ്പുകള്‍ വീണ്ടുമെത്തും. തീരത്തെ കണ്ടെയ്‌നര്‍ ഓഫീസ് സമുച്ചയം ഉടന്‍ സജ്ജമാകും. രണ്ടു നാളുകള്‍ക്കുള്ളില്‍ ജിഎസ്എം രീതിയില്‍ റോഡില്‍ മെറ്റലിങ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















