ബൈപ്പാസിലെ വേള്‍ഡ് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായി മാലിന്യങ്ങളും വഹിച്ചെത്തിയ നഗരസഭാ വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുന്നു
പേട്ട: വേള്‍ഡ് മാര്‍ക്കറ്റില്‍ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നഗരസഭയുടെ രണ്ട് വാഹനങ്ങള്‍ മാലിന്യങ്ങളുമായി എത്തിയത്.
വേള്‍ഡ് മാര്‍ക്കറ്റിലെ കടകള്‍ക്ക് പുറകിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതി. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് കെട്ടിടങ്ങള്‍ പൊളിക്കുന്ന അവശിഷ്ടങ്ങള്‍ വേള്‍ഡ് മാര്‍ക്കറ്റിലെ ചതുപ്പില്‍ നിക്ഷേപിക്കാന്‍ കൃഷിവകുപ്പ് കേന്ദ്രത്തില്‍ നിന്നു ലഭിച്ച അനുമതിയുടെ മറവിലാണ് നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നഗരസഭ നീക്കം നടത്തിയത്.
മേയറുടെ ഒത്താശയും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവരാറുണ്ടെന്നാണ് പറയുന്നത്.
കഴിഞ്ഞമാസം കോഴി ഇറച്ചിയുടെ അവശിഷ്ടങ്ങളുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിയിരുന്നു.
അന്ന് നാട്ടുകാര്‍ മാലിന്യ നിക്ഷേപം തടഞ്ഞിരുന്നു. ഈ സമയം വീട്ടിലേക്ക് ബൈപ്പാസുവഴി വരികയായിരുന്ന മേയറെ ജനങ്ങള്‍ തടഞ്ഞുനിര്‍ത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നു വന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. ഇതേ മേയറുടെ രഹസ്യാനുമതിയിലാണ് മാലിന്യങ്ങളുമായി നഗരസഭാ വാഹനങ്ങള്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിയത്.
















