കുന്നത്തൂര്‍: ഓഫീസ് സമയങ്ങളില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ഓഫീസ് സമയത്തെ ഇവയുടെ ഉപയോഗം പൊതുജനങ്ങള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഓഫീസ് സമയങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി ഫേസ്ബുക്ക്, വാട്‌സ് അപ്പ് എന്നി നവമാധ്യമങ്ങളുടെ ഉപയോഗം പാടില്ലെന്ന് ഇതിനുമുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരാരും തന്നെ ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ചതോടെയാണ് ഓഫീസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികള്‍ക്ക് ലഭിച്ച സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ അടുത്ത ദിവസം നടക്കുന്ന സ്റ്റാഫ് കൗണ്‍സിലില്‍ വായിച്ച് മിനിട്‌സ് ബുക്കില്‍ രേഖപ്പെടുത്തണം. എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും ഇതിനോടകം എത്തികഴിഞ്ഞിട്ടുണ്ട്.
















