മേലുദ്യോഗസ്ഥന്റെ മാനസിക പീഢനമെന്ന് ആരോപണം
എരുമേലി: എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്യൂട്ടിക്ലര്‍ക്ക് ജൂനി.അസിസ്റ്റന്റ് പുഞ്ചവയല്‍ വാരിക്കാട്ട് സുനിപ്രഭ ഓഫീസിനുള്ളില്‍ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേലുദ്യോഗസ്ഥന്റെ നിരന്തര മാനസിക പീഢനം മൂലമാണ് സംഭവമെന്ന് ആരോപണം ഉയര്‍ന്നു. രാവിലെ ഇവിടെയെത്തിയ പൊന്‍കുന്നം എടിഒ ജീവനക്കാരിയോട് തട്ടിക്കയറിയെന്നാണ് ആരോപണം.
ജീവനക്കാരിയോട് തട്ടികയറിത് ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥന്‍ ബോബനെ എടിഒ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തപ്പോള്‍ സുനിപ്രഭ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഇവരെ ആദ്യം എരുമേലിയിലെ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എരുമേലിയിലെ കളക്ഷന്‍ തുക പൊന്‍കുന്നത്തെ ബാങ്കില്‍ അടയ്‌ക്കാന്‍ എടിഒ ജീവനക്കാരിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മതിയായ സുരക്ഷിയില്ലാതെ തനിച്ച് പണം കൊണ്ടുപോകാന്‍ ഇവര്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇത്് എടിഒയെ പ്രകോപിപ്പിച്ചതിനാല്‍ തുടര്‍ച്ചയായി സുനിപ്രഭയെ മാനസികമായി പീഢിപ്പിക്കുകയായിരുന്നുവെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു.
സംഭവം സംബന്ധിച്ച് സുനിപ്രഭയും തന്നെ കയ്യേറ്റം ചെയ്തത് സംബന്ധിച്ച് ഐസി ബോബനും എടിഒയ്‌ക്കെതിരെ എരുമേലി പോലീസിലും കെഎസ്ആര്‍ടിസി ഉന്നതാധികൃതര്‍ക്കും പരാതി നല്‍കി.
ജീവനക്കാര്‍ സമരം നടത്താന്‍ തീരുമാനിച്ചെങ്കിലും എടിഒയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി ജില്ലാ ഓഫീസര്‍മാര്‍ ഉറപ്പ് നല്‍കിയതിനാല്‍ തീരുമാനം മാറ്റി.
എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും യൂണിയന്‍ നേതാക്കളുടേത് വ്യാജ പരാതിയാണെന്നും എടിഒ എസ്. പ്രസാദ് പറഞ്ഞു.
















