കൊല്ലം: ഇംഗ്ലീഷ് ഭാഷയെ പ്രണയിച്ചും പഠിപ്പിച്ചും തലമുറകളിലൂടെ വിദ്യാര്‍ത്ഥികളുടെ കണ്ണ് തെളിയിച്ച ഗുരുശ്രേഷ്ഠനായ പ്രൊഫ.എന്‍.രവീന്ദ്രനാഥിന് നാളെ ശിഷ്യരും സഹപ്രവര്‍ത്തകരും സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കും. രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന ആദരസമ്മേളനം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ കര്‍ണ്ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ശിഷ്യന്‍ ജെ. അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിക്കും. ഉറ്റമിത്രമായ മുന്‍മന്ത്രി സി.വി.പത്മരാജന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ എസ്എന്‍ കോളേജുകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ ഇംഗ്ലീഷ് അദ്ധ്യാപകനായി വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ച പ്രൊഫ.രവീന്ദ്രനാഥ്, നങ്ങ്യാര്‍കുളങ്ങര, വര്‍ക്കല കൊല്ലം എസ്എന്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കേരളാ, കോഴിക്കോട് സര്‍വ്വകലാശാലകളുടെ ഇംഗ്ലീഷ് പാഠപുസ്തക സമിതിയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുരു എന്ന വാക്കിന് തികച്ചും സമര്‍ഹനായ പ്രൊഫ.എന്‍.രവീന്ദ്രനാഥിന്റെ ശിഷ്യര്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനീയരായുണ്ട്. മയ്യനാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ മിക്കവരും അദ്ധ്യാപകരാണ്. ഈയിടെ അന്തരിച്ച കോളേജ് അദ്ധ്യാപികയായ നോവലിന്‍ ആണ് ഭാര്യ. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറായ ടീന ആര്‍ നാഥന്‍ മകളും മരാമത്ത് വിഭാഗം എന്‍ജിനീയര്‍ ഡിറ്റി മരുമകളും വിനീത് റസ്സല്‍ റോഷന്‍ റസല്‍ എന്നിവര്‍ ചെറുമക്കളും. അയ്യായിരത്തിലധികം വരുന്ന ഈടുറ്റ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ടൈം ന്യൂസ് വീക്ക് തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ ബയിന്റ് ചെയ്ത വോള്യങ്ങളും നിറഞ്ഞ കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപത്തെ വസതിയില്‍ പഴയതും പുതിയതുമായ ഇംഗ്ലീഷ് പാഠങ്ങളിലൂടെ ഈ എണ്‍പത്തിനാലാം വയസിലും മനസ്സോടിക്കുകയാണ് പ്രൊഫ.രവീന്ദ്രനാഥ്.
















