കൊച്ചി: മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചത്തിന് എറണാകുളം സൗത്ത് എസ്‌ഐ വിപിനെതിരെ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് കംപ്ലയ്ന്റ് അതോറിറ്റി. രവിപുരം ഡോമിനോസ് റസ്‌റ്റോറന്റില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയ കേസില്‍ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരെ മര്‍ദ്ദിച്ചതിനെതിരെയാണ് കേസെടുക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. റസ്‌റ്റോറന്റ് ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ ഷൈജുവിനെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റസ്‌റ്റോറന്റിലെ സേഫില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപ കളവുപോയെന്ന പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഷൈജു ഉള്‍പ്പെടെ മൂന്നു പേരെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതെദിവസം താന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നതായും ഇവരെ എസ്‌ഐ മര്‍ദ്ദിച്ചതായി മനസിലാക്കിയതായും ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. പിന്നീടും ഇവര്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. ഷൈജുവിനെ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശിച്ചു. കടയില്‍ മോഷണം നടന്നതില്‍ ഷൈജു ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്ന് സൗത്ത് എസ്‌ഐ വിപിന്‍ പറഞ്ഞു. ഇവരുടെ പേരില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. മോഷണത്തെ തുടര്‍ന്ന് മൂന്നു പേരെയും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഷൈജു ജോലി കഴിഞ്ഞ് കടയില്‍ തന്നെയാണ് രാത്രി കിടന്നിരുന്നത്. ഇവിടെ ഷൈജുവിന്റെ കബോര്‍ഡ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ചെറിയ ഉളി ലഭിച്ചു. ഇത് ശാസ്ത്രീയ പരിശോധയ്‌ക്ക് വിധേയമാക്കിയപ്പോള്‍, മോഷണം നടന്ന സേഫില്‍ കണ്ടെത്തിയ ചില പാടുകള്‍ ഇത് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു.
















