കണ്ണൂര്‍: എസ്എഫ്‌ഐയുടെ രാഷ്‌ട്രീയ അസഹിഷ്ണുതക്കെതിരെ സിപിഐ പോഷക സംഘടനയായ എഐഎസ്എഫ് സംഘടനാസ്വാതന്ത്ര്യ സംരക്ഷണ സത്യാഗ്രഹം സംഘടിപ്പിക്കുന്നു. സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി തോട്ടട ഐടിഐയുടെ മുന്നില്‍ ഇന്ന് കാലത്ത് 11 മുതല്‍ സംഘടനാസ്വാതന്ത്ര്യ സംരക്ഷണ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആര്‍.ചന്ദ്രകാന്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. സത്യഗ്രഹസമരം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകര്‍ ഉദ്ഘാടനം ചെയ്യും. 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികളെ അതിന് അനുവദിക്കാതെ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവെക്കുകയും ക്ലാസ് റൂമില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ഉണ്ടായി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതറിഞ്ഞ് അന്വേഷിക്കാന്‍ ഐടിഐയില്‍ ചെന്ന എഐഎസ്എഫ് ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത്തരം അക്രമപ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സത്യഗ്രഹസമരം സംഘടിപ്പിക്കുന്നത്. ക്യാമ്പസുകള്‍ക്കകത്ത് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം നിരോധിക്കാന്‍ പരിശ്രമിക്കുന്ന എസ്എഫ്‌ഐയുടെ ഏകസംഘടനാവാദവും അക്രമ പ്രവര്‍ത്തനങ്ങളും പുരോഗമനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് അപമാനകരമാണ്. കേവലം തെരഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് കൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും മറ്റ് സംഘടനകള്‍ക്കും പ്രവര്‍ത്തനം അനുവദിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വൈശാഖ് ചന്ദ്രന്‍, ജില്ലാകമ്മറ്റി അംഗവും ഐടിഐ വിദ്യാര്‍ത്ഥിനിയുമായ ശ്രേയ എന്നിവരും പങ്കെടുത്തു.
















