കാസര്‍കോട്: മുംബൈയില്‍ നിന്നും നാടുകാണാനിറങ്ങിയ 10ാം ക്ലാസുകാരായ സമ്പന്ന കുടുംബത്തില്‍പെട്ട രണ്ട് കുട്ടികളെ ആര്‍പിഎഫ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടി. മുംബൈ അന്തേരി വെസ്റ്റിലെ ഹര്‍ഷ് (15), ഹൊസു (15) എന്നിവരാണ് ഇന്നലെ രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമില്‍വെച്ച് അലഞ്ഞു തിരിയുന്നതിനിടയില് ആര്‍പിഎഫിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് ഏതാനും ദിവസംമുമ്പ് മുംബൈയില്‍ നിന്നും വീടു വിട്ടതാണെന്ന് വ്യക്തമായത്.
ഇതില്‍ ഹര്‍ഷിന്റെ പിതാവ് മുംബൈയിലെ കരാറുകാരനും ഹൊസുവിന്റെ പിതാവ് സിനിമാ സംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണെന്നുമാണ് വ്യക്തമായിരിക്കുന്നത്. കുട്ടികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബയിലുള്ള ബന്ധുക്കളെ ആര്‍പിഎഫ് ബന്ധപ്പെട്ട് കുട്ടികള്‍ സുരക്ഷിതരാണെന്ന വിവരം അറിയിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അന്തേരി വെസ്റ്റ് പോലീസില്‍ മിസിംഗ് കേസ് നില നില്‍ക്കുന്നുണ്ട്. വ്യത്യസ്ഥ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ട്യൂഷന് ഒരുമിച്ചാണ് പോകാറുള്ളത്. ഈ പരിചയം വെച്ചാണ് ഇവരുവരും നാടുകാണാനായി ആരോടും പറയാതെ വീട്ടില്‍ നിന്നും പുറപ്പെട്ടത്.
കുറച്ച് ദിവസം ഇവര്‍ മഡ്ഗോവയിലായിരുന്നു. ഇവിടെനിന്നും ഇന്നലെ രാവിലെ മംഗളാ എക്സ്പ്രസില്‍ കാസര്‍കോട്ട് എത്തുകയായിരുന്നു. കയ്യിലുള്ള പണമെല്ലാം തീര്‍ന്നതിനാല്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണത്തിനായി അലയുന്നതിനിടയിലാണ് ഇവര്‍ ആര്‍പിഎഫിന്റെ ശ്രദ്ധയില്‍ പെട്ടത്. ബന്ധുക്കളെത്തുന്നത് വരെ കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ഏല്പിക്കുമെന്ന് ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: