പന്തളം:പന്തളം നഗരസഭയിലെ കുരമ്പാല വടക്ക് വാര്‍ഡ് കൗണ്‍സിലര്‍ ആയ ഉദയചന്ദ്രന്(39) വാഹനാപകടത്തില്‍ മരിച്ചെന്നുള്ള വാര്‍ത്ത കേട്ട കുരമ്പാല ഗ്രാമം ഞെട്ടല്‍ മാറാതെ നിക്കുകയാണ്. ഇന്നലെ രാവിലെ 7.30നാണ് കൊട്ടാരക്കര കലയപുരത്തുവച്ച് ഉദയചന്ദ്രന് ഓടിച്ച സ്കോര്‍പ്പിയോ വാന്‍ എതിര് ദിശയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടായത്.അപകട സ്ഥലത്ത് വെച്ച് തന്നെ ഉദയചന്ദ്രന് മരിച്ചിരുന്നു.വാഹനത്തില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിയാന്‍ വൈകിയത് മൂലം അപകട വിവരം കുരമ്പാലയില്‍ അറിയാന്‍ അല്‍പ്പം വൈകി.അപകട വാര്‍ത്ത നാട്ടില്‍ പരന്നതോടെ ബന്ധുക്കളും, സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൊട്ടാരക്കരയ്ക്ക് തിരിച്ചു.
തിങ്കളാഴ്ച രാത്രിയിലും കുരമ്പാല നടക്കാനിരിക്കുന്ന ശിബിരത്തിന്റെറ വ്യവസ്ഥാ ബൈഠക്കില്‍ പങ്കെടുത്തിരുന്ന ഉദയചന്ദ്രന് വെളുപ്പിനെ തിരുവനന്തപുരത്തേക്ക് ഒരു ഓട്ടം ഉണ്ടെന്നു പറഞ്ഞു പോയതാണ്.പിന്നീട് കേള്‍ക്കുന്നത് മരണവാര്‍ത്തയാണ്.
ഉദയചന്ദ്രന് പ്രാഥമിക വിദ്യാഭ്യാസം പന്തളത്ത് പൂര്‍ത്തിയാക്കി എറണാകുളത്ത് നിന്നും ഐ റ്റി ഐ പഠനത്തിനു ശേഷം നാട്ടില്‍ ചില ജോലികള്‍ നോക്കിയിട്ട് പൂനയ്ക്ക് പോയിരുന്നു.മൂന്ന് വര്‍ഷത്തെ അവിടുത്തെ ജീവിതത്തിനു ശേഷം നാട്ടില്‍ എത്തി ഇലക്ട്രോണിക്, പ്ലംബിംഗ് പണികള്‍ ചെയ്തു വരികയിരുന്നു.ചെറുപ്പം മുതലേ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശാഖയിലൂടെ വളര്‍ന്ന ഉദയചന്ദ്രന് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.2010ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുരമ്പാല വടക്ക് നിന്നും മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുകയായിരുന്നു.ബി ജെ പി കുരമ്പാല വില്ലേജ് കമ്മറ്റി പ്രസിഡന്റ് ആയിരുന്ന ഉദയചന്ദ്രന് പന്തളം പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചപ്പോള്‍ പ്രസിഡന്റ് ആവുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭ തിരഞ്ഞടുപ്പില്‍ ബി ജെ പി ക്ക് ജില്ലയില്‍ ഏറ്റവും അധികം വോട്ടു നേടിയെടുക്കാന്‍ പന്തളം പഞ്ചായത്തിനു കഴിഞ്ഞതിന്റെ പിന്നില്‍ ഉദയചന്ദ്രന്റെ നേതൃത്വ പാടവം കൊണ്ടു മാത്രമായിരുന്നു.തുടര്‍ന്ന് നടന്ന നഗരസഭ തിരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി നിന്നു കൊണ്ട് മറ്റ് 32 വാര്‍ഡുകളിലെയും പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചു കൊണ്ടു പോയതിന്റെ ഫലമാണ് നഗരസഭയില്‍ ബി ജെ പി ക്ക് 7 സീറ്റ് ലഭിച്ചത്.സി പി എംന്റെ ഉരുക്കുകോട്ട എന്ന് അവകാശപ്പെടുന്ന കുരമ്പാലയില്‍ ബി ജെ പി 5 വാര്‍ഡുകളില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചതിന്റെ പിന്നില്‍ ഉദയചന്ദ്രന്റെ പ്രയത്നം ഒരിക്കലും വിസ്മരിക്കാന്‍ ആവാത്തതാണ്.കുരമ്പാല വടക്ക് വാര്‍ഡില്‍ കോണ്‍ഗ്രസ് സിറ്റിംഗ് മെമ്പറെയും സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെയും തോല്‍പ്പിച്ചാണ് 74 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
പന്തളത്തെ ഏതൊരു സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമായിരുന്ന ഉദയചന്ദ്രന് രാഷ്ട്രീയവ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും അഭിമതനായിരുന്നു.അപകട വിവരം അറിഞ്ഞ് പന്തളം കുരമ്പാല പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ ആണ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എത്തിയത്.ബി ജെ പി പന്തളം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്,നഗരസഭയിലെ ബി ജെ പി യുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്,കുരമ്പാല ഹനുമത് ദേവി ക്ഷേത്ര മാനേജര്‍,കുരമ്പാല പ്രാദേശിക സഭ ഖജാന്‍ജി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. കുരമ്പാല കിഴക്കേപനക്കല് പരേതനായ ചന്ദ്രന്‍പിള്ളയുടെയും കൃഷ്ണമ്മയുടെയും മകനാണ്.ഭാര്യ ദിവ്യ,മകള്‍ എന്‍ എസ് എസ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെ യു കെ ജി വിദ്യര്‍ത്ഥിനിയായ ഉത്തര.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ഇടപ്പോണ്‍ ജോസ്കോ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് പന്തളം നഗരസഭാകാര്യാലയത്തിലും 11 മണിക്ക് കുരമ്പാല ഗവ എല്‍ പി സ്കൂളിലും പൊതുദര്‍ശനത്തിനു വെക്കും.തുടര്‍ന്ന് 2 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.ബി ജെ പി പന്തളം നഗരസഭയില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചതായി മുനിസിപ്പല്‍ ജനറല്‍സെക്രട്ടറി എം ബി ബിനുകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: