നോയിഡ: കറുത്ത നിറമാണെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഇമെയിലിലൂടെ മൊഴിചൊല്ലിയതായി യുവതി പോലീസില്‍ പരാതി നല്‍കി. നോയിഡ സ്വദേശിയായ സന യാസ്മിന്‍ എന്നയുവതിയെ നാലുമാസം മുമ്പാണ് 35 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വിവാഹം കഴിച്ചത്.
കല്യാണ ദിവസം മുതല്‍ ഇരുണ്ട നിറമാണെന്ന പേരില്‍ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് സന ഗര്‍ഭിണിയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നതായുള്ള ഇമെയില്‍ സന്ദേശം എത്തുന്നത്.
നോയിഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആണ് ഇവര്‍. വിവാഹത്തിനുമുമ്പ് സനയ്‌ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുനെന്നും സനയുടെ വീട്ടുകാര്‍ ഇത് മനപ്പൂര്‍വ്വം മറച്ചുവെച്ചുവെന്നും അതിനാല്‍ മൊഴിചൊല്ലുകയാണെന്നാണ് ഇമെയിലില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് സന പറഞ്ഞു. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ശേഷം നാലുമാസം മുമ്പ് സനയുടെ ജന്മദേശമായ ജംഷഡ്പൂരിലായിരുന്നു വിവാഹം.
അതിനുശേഷം ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റിയെങ്കിലും നവംബറില്‍ സന നോയിഡയില്‍ തിരിച്ചെത്തി ജോലിയില്‍ തിരികെ പ്രവേശിച്ചു. പൊടി അലര്‍ജിയാണെന്നതൊഴികെ ഇമെയിലില്‍ പറയുന്നതുപൊലെ സനയ്‌ക്ക് യാതൊരു വിധത്തിലുള്ള അസുഖവും ഇല്ലെന്ന് അവരുടെ പിതാവ് അറിയിച്ചു.
















