കുറ്റിക്കോല്‍: സിപിഎം വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനങ്ങളും ഇടത് മുന്നണിക്ക് നഷ്ടപ്പെട്ടു. ഇതോടെ പ്രസിഡന്റ് സ്ഥാനത്തിന്റെ കൂടെ ഭരണവും സിപിഎമ്മിന് കീറാമുട്ടിയായിരിക്കുകയാണ്. 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ സിപിഐ യുടെ ഒരു അംഗം ഉള്‍പ്പെടെ 7 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിയിലെ പി.ദാമോദരന്‍ ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ പക്ഷെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു വിമത സ്ഥാനാര്‍ത്ഥിയും ബിജെപിക്കാണ് വോട്ട് ചെയ്തത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചാല്‍ ഭരണം പാര്‍ട്ടി തീരുമാനപ്രകാരമാകുമെന്ന് കണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും ഭരണ മാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളെ ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ സ്റ്റാന്റിങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പിലും ബിജെപിയുമായി ധാരണയിലെത്തുകയും ധനകാര്യ സ്ഥാനം ബിജെപിക്ക് നല്‍കുകയുമായിരുന്നു. ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. വികസകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണായി ശുഭ ലോഹിതാക്ഷന്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണായി സമീറയും, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി സുനീഷ് ജോസഫിനെയും തെരഞ്ഞെടുത്തു. ഭൂരിപക്ഷമില്ലാതെ ഭരണം എങ്ങനെ കൊണ്ടുപോകും എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം.
ജനോപകാര പ്രദങ്ങളല്ലാത്ത തീരുമാനങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് അംഗങ്ങളുടെ തീരുമാനം. ഈ നില തുടര്‍ന്നാല്‍ അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. കാര്യങ്ങളെ മുന്‍കൂട്ടി കണ്ട് മാനക്കോടില് നിന്ന് രക്ഷ നേടാന്‍ എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പിന്നീട് തിരിച്ച് പിടിക്കാന്‍ പറ്റാത്ത വിധം എന്നെന്നേക്കുമായി കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെടും.
അതേ സമയം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായി സുനീഷ് ജോസഫിന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് വിവാദമായിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തെ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് സുനിഷ് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് വിമതനായി 8 ാം വാര്‍ഡിലാണ് സുനീഷ് മത്സരിച്ചത്. ഇതിലുളള വൈരാഗ്യമാണ് അക്രമത്തിന് കാരണം. കൂടാതെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കനുകൂലമായി വോട്ട് ചെയ്തതും, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പില്‍ സഹകരിച്ചതും അക്രമത്തിന് പിന്നിലെ കാരണങ്ങളാണ്. ഇതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമായിരിക്കുകയാണ്. ജങ്ങളുടെ വികാരത്തിനനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പുറത്താക്കിയ അംഗങ്ങള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി സ്വേഛാധിപത്യ ഭരണം നടത്തുന്ന എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണ മാറ്റമുണ്ടാകണമെന്നാണ് ജനങ്ങളും ആഗ്രഹം. പ്രസിഡന്റ് സ്ഥാനം മാത്രമുള്ള എല്‍ഡിഎഫിന് ഭരണം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: