ആലുവ: സ്വകാര്യ ആശുപത്രികളില്‍ മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ ആലുവ ജില്ലാ ആശുപത്രിയില്‍ വിജയകരമായി നടന്നു. ഇതോടെ ആലുവ ജില്ലാ ആശുപത്രി മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃകയായിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. കെ.എസ്. സുധീറിന്റെ നേതൃത്വത്തിലാണ് മൂന്നുപേര്‍ക്ക് സന്ധിമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
കാല്‍മുട്ട് വേദനയുമായി വന്ന കോട്ടയം സ്വദേശിയും ആശുപത്രി ജീവനക്കാരിയുമായ ബീനയുടെ (44) കാല്‍മുട്ട് സന്ധിയാണ് മാറ്റി വെച്ചത്. മേലൂര്‍ സ്വദേശിനിയും കെഎസ്ഇബി ജീവനക്കാരിയുമായ വിജയയുടെ (48) ഇടുപ്പിന്റെ സന്ധിയുടെ ജന്മനായുള്ള കുഴതെറ്റലും ശസ്ത്രക്രിയയിലൂടെ മാറ്റി. പരിക്ക് മൂലമുള്ള തേയ്‌മാനവുമായി വന്ന ആലുവ സ്വദേശിനി ലതികയേയും (55) ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചു. ഇംപ്ലാന്റുകളുടേയും, ഉപകരണങ്ങളുടേയും മാത്രം ചെലവാണ് ശസ്ത്രക്രിയകള്‍ക്കായത്. ജില്ലാ പഞ്ചായത്തിന്റെ ആര്‍ത്രോസ്‌കോപ്പിക് കീ ഹോള്‍ സര്‍ജറി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഉപകരണങ്ങള്‍ കൊണ്ടാണ് ശസ്ത്രക്രിയ ചെയ്തത്.
സന്ധി തേയ്‌മാനം കൊണ്ടും, പരിക്ക് മൂലമുണ്ടാകുന്ന ഇടുപ്പ്, മുട്ട് സന്ധി തേയ്‌മാനം കൊണ്ടും കഠിനമായ വേദന അനുഭവിക്കുന്നവര്‍ക്കാണ് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ അനുഗ്രഹമാകുന്നത്. രോഗാണുബാധ തടയുന്നതിനായുള്ള ഹെല്‍മെറ്റ് വിത്ത് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് തുടങ്ങിയ മെഡിക്കല്‍ കോളേജ്, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലോ ഇല്ലാത്ത ഉപകരങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുമൂലം ശസ്ത്ര്ക്രിയയിലൂടെ രോഗിക്കുണ്ടാകുന്ന അണുബാധയും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.
ഡോ. കെ.എസ്. സുധീറിനോടൊപ്പം, അനസ്തീഷ്യ വിഭാഗം ഡോ. ജ്യോതി, നഴ്‌സുമാരായ ലതി, ബിന്ദു, ത്രേസ്യ മറ്റ് ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ ചെയ്തത്.
















