തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്റെ നാട്ടില്‍ കുളിര്‍മഴ പെയ്യിച്ച് തിരുപുരം പകല്‍പൂരം. കാണാനെത്തിയവര്‍ക്ക് ഉഗ്രന്‍ ദൃശ്യ-സ്രവ്യ വിരുന്നാണ് പൂരപ്പറമ്പ് ഒരുക്കിയത്. പൂരം ആരംഭിക്കുന്ന വൈകുന്നേരം മൂന്നിന് മുന്‍പ് തന്നെ ക്ഷേത്രപരിസരവും പൂരപ്പറമ്പുമെല്ലാം വിശ്വാസികളെയും ആനപ്രേമികളെയും കൊണ്ടുനിറഞ്ഞു. ക്ഷേത്രത്തിന് പടിഞ്ഞാറോട്ട് ദര്‍ശനംവെച്ച് 15 ഗജവീരന്‍മാര്‍ അണിനിരന്നതോടെ ക്ഷേത്രപരിസരം ആവേശത്തിമിര്‍പ്പിലായി. മേളകലാചക്രവര്‍ത്തി പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്വത്തില്‍ അരങ്ങേറിയ പാണ്ടിമേളം പൂരത്തിന് കൊഴുപ്പേകി. തൃശൂര്‍ പൂരത്തെ അനുസ്മരിച്ച് നടന്ന കുടമാറ്റം വേറിട്ട കാഴ്ചയയായി. പരമ്പരാഗത കലാരൂപങ്ങളില്‍ സജീവമായ മയിലാട്ടം വിശ്വാസികള്‍ക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. ഗജരാജന്‍ പാറമേക്കാവ് ശ്രീപത്മനാഭന്‍ പൂരത്തിന്റെ തിടമ്പേറ്റി. താന്ത്രിക കുലപതി ചന്ദ്രശേഖരന്‍ നമ്പൂതിരിയും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍ .എയും പൂര മൈതാനിയില്‍ ദീപപ്രകാശനം നടത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികളോടെയാണ് പൂരപ്പറമ്പിലേക്ക് ഗജവീരന്‍മാരെ സ്വീകരിച്ചത്. പൂരത്തിനുശേഷം രാത്രി 7.30ന് ദീപാരാധന, രാത്രി എട്ടിന് വെടിക്കെട്ട്, തുടര്‍ന്ന് സംഗീതസദസ്സ്, 10 മുതല്‍ വലിയ വിളക്ക് എന്നിവ നടന്നു. വലിയ വിളക്കിന് കാഴ്ചയൊരുക്കാന്‍ കൊമ്പു പറ്റ്, കുഴല്‍ പറ്റ്, കുഴൂര്‍ ഉദയന്‍മാരാരുടെ പ്രാമണ്യത്വത്തില്‍ പഞ്ചാരിമേളം എന്നിവ അരങ്ങേറി.
















