കോഴിക്കോട്: നാം ഇന്ന് പരസ്പരം അകന്നുപോകുന്നതിനുള്ള മത്സരത്തിലാണെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അകന്നുപോകലിനെ വിജയത്തിന്റെ അടിത്തറയായി ചിലര്‍ കാണുകയാണ്. എല്ലാവരിലുമുള്ള നന്മയെ ഉണര്‍ത്തുന്ന സംസ്‌കൃതി ഉണ്ടാകേണ്ടിയിരിക്കുന്നു. നന്മ-തിന്മയാകുന്ന ദ്വന്ദ്വങ്ങളില്‍ നന്മക്ക് മുന്‍തൂക്കം ഉണ്ടാകണം. നമ്മളുണ്ടാക്കിയ സ്ഥാനങ്ങളോടെയോ മറ്റൊ അല്ല തനി സാധാരണക്കാരായ ജനതയുടെ പച്ചയായ മനസ്സുകൊണ്ടാണ് ലോകം നിലനില്‍ക്കുന്നതെന്ന് നാം തിരിച്ചറിയണം. സകലമാന വിഭാഗീയതകള്‍ക്കുപരിയായി നാം മനുഷ്യരാണെന്ന് കാണണം. കൂട്ടായ്‌മ നഷ്ടപ്പെട്ടതിനാല്‍ പൊതുഇടം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങള്‍ സംസ്‌കാര നിര്‍മ്മിതിക്ക് ഊര്‍ജ്ജം പകരുന്നതാണെന്നും സി.രാധാകൃഷ്ണന്‍ തുടര്‍ന്നു പറഞ്ഞു.
കവിത ഉണ്ടാകുന്നത് ആന്തരികമായ പ്രേരണയില്‍ നിന്നാണെന്നും അതു നവീകരണവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നുണ്ടെന്നും എംപി അബ്ദുസമദ് സമദാനി എംഎല്‍എ പറഞ്ഞു. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനെ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ശ്രീധരന്‍പിള്ളയുടെ ഗ്രന്ഥങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ ചീത്തയാണെന്ന് ചിന്തിച്ചാല്‍ ചീത്തയാകുന്നത് നാംതന്നെയായിരിക്കുമെന്ന വസ്തുതയെ വിസ്മരിക്കാതെ സ്‌നേഹവും ആത്മാര്‍ത്ഥതയും സന്നിവേശിക്കുന്ന പ്രകൃയയില്‍ പങ്കാളികളാകണം. അഗ്നി വിറകുകളെ തിന്നുന്നതുപോലെ അസൂയ ഉള്‍പ്പെടെയുള്ള തിന്മകള്‍ സല്‍കര്‍മ്മങ്ങളെ തിന്നാതിരിക്കാന്‍ സര്‍ഗാത്മകമായ ഇടപെടല്‍ അനിവാര്യമാണെന്നും അബ്ദുസമദാനി പറഞ്ഞു.
നോവും നനവും അബ്ദുസമദ് സമദാനിയില്‍ നിന്ന് പത്രപ്രവര്‍ത്തകന്‍ ഡോ.കെ. ശ്രീകുമാറും, മണ്ഡേല മുതല്‍ അഴീക്കോട് വരെ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനില്‍ നിന്ന് പത്രപ്രവര്‍ത്തകനായ പി.ജെ. ജോഷ്വയും നേര്‍ക്കാഴ്ചകള്‍ തലശ്ശേരി ജില്ലാ ജഡ്ജി കെ.ബൈജുനാഥില്‍ നിന്ന് നെല്‍സണ്‍ ഐപും ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. മാഞ്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു.ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് പുസ്തകപരിചയം നടത്തി. ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് അഡ്വ.കെ.കെ.ബലറാം, എന്‍.ഇ ബാലകൃഷ്ണമാരാര്‍,ഡോ.പി.പി. പ്രമോദ്,ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, എ.കെ. തറുവയ്, റജിമാസ്റ്റര്‍, സിദ്ധീഖ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള മറുപടി പ്രസംഗം നടത്തി. അഡ്വ.കെ.പ്രവീണ്‍ കുമാര്‍ സ്വാഗതവും ടി.എച്ച് വത്സരാജ് നന്ദിയും പറഞ്ഞു.
















