കൊച്ചി: പോലീസ് പരിശോധന ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമാവാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിതരണത്തില്‍ കേരളം രണ്ടാം സ്ഥാനത്തേയ്‌ക്ക് പിന്‍തള്ളപ്പെട്ടതായി ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്‌തേഷ് കുമാര്‍ പര്‍ദേശി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അറിയിച്ചു. ഉത്തര്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ പോലീസ് പരിശോധന പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ സംവിധാനത്തിലാണ്. കേരളത്തിലെ ഡിജിപിയോട് ഇതു സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലവില്‍ നാല് പോലീസ് ജില്ലകളിലാണ് ഓണ്‍ലൈന്‍ സംവിധാനം ഇല്ലാത്തത്. ആലപ്പുഴ, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റിയും റൂറലും പാലക്കാടുമാണ് ഓണ്‍ ലൈന്‍ സംവിധാനം നിലവില്‍ ഇല്ലാത്ത പോലീസ് ജില്ലകള്‍. ഇവിടെയാണ് പാസ്‌പോര്‍ട്ട് വിതരണത്തിന് കാലതാമസം നേരിടുന്നത്. പാസ്‌പോര്‍ട്ട് വിതരണത്തില്‍ നിന്ന് ഏജന്റുമാരെ പൂര്‍ണ്ണമായും ഒഴിവാക്കിയതായി വീഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ പറഞ്ഞു. ഓണ്‍ ലൈന്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
















