കണ്ണൂര്‍: അഴീക്കല്‍ തുറമുഖ പ്രദേശത്തു നിന്നും അനധികൃത മണല്‍കടത്ത് നടത്തിയ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചാല്‍ ബീച്ചിലെ ധനേഷ്(35) ആണ് വളപട്ടണം പൊലിസ് കസ്റ്റഡിയിലായത്. പഞ്ചായത്തിന്റെ സീലും ലെറ്റര്‍പാഡും വ്യാജമായി നിര്‍മിക്കുകയും ന്യൂമാഹി, ചൊക്ലി ഗ്രാമപഞ്ചായത്തുകളുടെ സെക്രട്ടറിമാരുടെ ഒപ്പുകള്‍ സഹിതമുളള ബില്‍ഡിംഗ് പെര്‍മിറ്റും ഹാജരാക്കിയാണ് ഇയാള്‍ മണല്‍തട്ടിപ്പ് നടത്തുന്നത്. ചൊക്ലി സ്വദേശിനികളായ മിനി, സവിത തുടങ്ങിയവരുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി ഇന്റര്‍നെറ്റിലൂടെ മണല്‍ കടത്തിനു അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പ് സംബന്ധിച്ച് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും പൊലിസ് അനേ്വഷണം നടത്തും.
















