അമ്പലപ്പുഴ: പാമ്പുകടിയേറ്റ് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സാ ധനസമാഹരണത്തിനായി കരുമാടി ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ക്കുന്നു. മകന്റെ ജീവന് രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായത്തിനായി മാതാപിതാക്കളും കേഴുന്നു. കരുമാടി ഗവ. ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കരുമാടി കിഴക്കേ കരയോഗത്തിനടുത്ത് വൃന്ദാവനില്‍ മനോജ്-കവിത ദമ്പതികളുടെ മൂത്തമകന് അമരീഷിനെയാണ് (14) നാലുദിവസം മുമ്പ് രക്താണലി കടിച്ചത്. വീടിനടുത്തെ കരുമാടി നാഗനാട്ട് ക്ഷേത്രത്തിന് സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ അണലി കടിക്കുകയായിരുന്നു. ഉടന്‍ അമരീഷ് ക്ഷേത്രത്തിലെ പൂജാരിയോട് വിവരം പറഞ്ഞു. പൂജാരി ഇടതുകാലില്‍ മുറിവേറ്റ ഭാഗത്ത് തുണികൊണ്ടു കെട്ടിയ ഉടനെ അമരീഷ് ബോധംകെട്ടു. മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കരുമാടിയിലെ തടിമില്ലില്‍ കൂലിപ്പണി ചെയ്യുന്ന പിതാവ് മനോജ് ചികിത്സക്ക് പണമില്ലാതെ പലരില്‍ നിന്നും കടംവാങ്ങിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടുദിവസം ചികിത്സിച്ചത്. ഗുരുതരമാണെന്ന് കണ്ടപ്പോള്‍ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എ പോസിറ്റീവ് രക്തഗ്രൂപ്പായ അമരീഷിന് രക്തം മാറ്റി ഡയാലിസിസ് ചെയ്യുകയും ഐസി യൂണിറ്റില്‍ കിടത്തുകയും ചെയ്തിരിക്കുകയാണ്.
ദിനംപ്രതി ഭാരിച്ച തുക വേണ്ടിവരുമെന്ന് കണ്ട അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും വിവിധ സംഘടനകളും ധനസമാഹരണത്തിനായി കരുമാടി, അമ്പലപ്പുഴ, തകഴി പ്രദേശങ്ങളില്‍ പിരിവുകള്‍ നടത്തിയാണ് ഇപ്പോള്‍ അമരീഷിന്റെ തുടര്‍ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പല ഗ്രൂപ്പായി തിരിഞ്ഞ് ബക്കറ്റ് പിരിവ് നടത്തുന്നു. മനോജും കുടുംബവും നേരത്തെ പുന്നപ്ര പറവൂര്‍ വടക്കേവെളിയിലാണ് താമസിച്ചിരുന്നത്. കടംകയറിയപ്പോള്‍ ഇത് വിറ്റു. പിന്നീട് കരുമാടിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. അമരീഷിനെ കൂടാതെ രണ്ടുമക്കളും ഇവര്‍ക്കുണ്ട്.
അമരീഷ് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മലപ്പുറത്ത് നടന്ന സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളയില്‍ തടിപ്പണിയില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. സഹായം പ്രതീക്ഷിച്ച് പിതാവ് മനോജിന്റെ പേരില്‍ എടത്വ കാനറ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഫോണ്‍: 9446702783. അക്കൗണ്ട് നമ്പര്‍: 3584101002852. ഐഎഫ്സി കോഡ്: സി.എന്‍.ആര്.ബി 0003584
പ്രതികരിക്കാൻ ഇവിടെ എഴുതുക: