പള്ളുരുത്തി: ഫീസ് നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ അഞ്ചാം ക്ലാസുകാരിയെ സ്‌ക്കൂള്‍ അധികൃതര്‍ ഒന്നര മണിക്കൂര്‍ പൊരി വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചതായി പരാതി. ഇടക്കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌ക്കൂളായ ശാന്തി വിദ്യാലയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പള്ളുരുത്തി കോച്ചിപ്പറമ്പില്‍ ഹാരിസ് റുബീന ദമ്പതികളുടെ മകള്‍ നിഹാലയെയാണ് വെയിലത്ത് നിര്‍ത്തിയത്. അവശയായ വിദ്യാര്‍ത്ഥിനിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെയാണ് കുട്ടിയെ വെയിലത്ത് നിര്‍ത്തിയത്. ഒടുവില്‍ പിതാവ് വരുമെന്ന് അറിഞ്ഞതോടെ പരീക്ഷ അവസാനിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എഴുതാന്‍ അനുവദിക്കുകയായിരുന്നു.
അതുകൊണ്ട് പരീക്ഷ പൂര്‍ണ്ണമായും എഴുതാന്‍ കഴിഞ്ഞില്ലന്നും തലവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും സ്‌ക്കൂള്‍ അധികൃതര്‍ ഗൗനിച്ചില്ലെന്നും നിഹാല പറഞ്ഞു. സുഖമില്ലാത്തതിനാല്‍ സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെയുള്ള തുക അടക്കുവാന്‍ പിതാവ് ഹാരിസിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഹാരിസ് സ്‌ക്കൂള്‍ അധികൃതരെ അറിയിക്കുകയും സമയം അനുവദിക്കുകയും ചെയ്തിരുന്നുവെന്ന് ഹാരിസ് പറഞ്ഞു.
ആദ്യം 3500 രൂപ നല്‍കിയെങ്കിലും അത് ഡയറിയില്‍ പതിച്ചില്ലെന്നും ഇന്നലെ അയ്യായിരം രൂപ നല്‍കിയെങ്കിലും അതും ഡയറിയില്‍ പതിക്കാതെ കുട്ടിയെ വെയിലത്ത് നിര്‍ത്തുകയായിരുന്നുവെന്നും ഹാരിസ് വ്യക്തമാക്കി. ഇതിന് പുറമേ സ്‌ക്കൂളിലെ മറ്റ് കുട്ടികളെ കൊണ്ട് പരിഹസിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്‌ക്കൂളിലെത്തിയ മാതാപിതാക്കളോട് നിങ്ങള്‍ക്ക് ഭിക്ഷയാചിച്ച് കൂടെയെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പള്ളുരുത്തി പോലീസിന് മാതാപിതാക്കള്‍ പരാതി നല്‍കി.
















