വൈക്കം: ജില്ലയിലെ റോഡ് സുരക്ഷ സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്സുകളും ബാനറുകളും നീക്കം ചെയ്തുതുടങ്ങി. താലൂക്കിലെ പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കുന്നതും അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതുമായ ബോര്‍ഡുകളും ബാനറുകളുമാണ് നീക്കം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭ പരിധിയില്‍ ബോട്ട്ജെട്ടി മുതല്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട വരെ നിരത്തുകളില്‍ സ്ഥാപിച്ചിരുന്ന ഫഌക്സുകളും ബാനറുകളും പൂര്‍ണമായും എടുത്തുമാറ്റി.
താലൂക്ക് പരിധിയിലെ മറ്റ് പ്രധാന നിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫഌക്സുകളും ബാനറുകളും 14ന് മുന്‍പായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ഇത്തരത്തില്‍ അനധികൃതമായി ഫഌക്സുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: