കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. നവാര്‍ഡ് സഹായത്തോടു കൂടി നടപ്പിലാക്കുന്ന 236 പദ്ധതികളില്‍ അംഗന്‍വാടികള്‍ ഒഴിച്ച് മറ്റെല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ചികിത്സാ കേന്ദ്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായ അവഗണനയാണ് കാണിക്കുന്നത്.
ഉക്കിനടുക്കയില്‍ മെഡിക്കള്‍ കോളേജിന്റെ ആശുപത്രി ബ്ലോക്കിനു വേണ്ടി 68 കോടി രൂപ അനുവദിച്ചെങ്കിലും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. അതുപോലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പുതിയ ഐ.പി ബ്ലോക്ക്, ബദിയടുക്ക സി.എച്ച്എസ്.സി, പെര്‍ളയിലെ ഹോമിയോ ചികിത്സാ കേന്ദ്രം, തൃക്കരിപ്പൂരിലെ താലൂക്ക് ആശുപത്രി, പാണത്തൂരിലെ ഐ.പി ബ്ലോക്ക്, കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ പൂടംങ്കല്ല് ആശുപത്രി കെട്ടിടം, പൂല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഐ സിഡിപി സബ് സെന്റര്‍ ആധുനിക വല്‍ക്കരണം, നീലേശ്വരം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം, ചെറുവത്തൂരിലെ സി.എച്ച്.സി നിര്‍മ്മാണം, മുളിയാറിലെ സിഎച്ച്സി കെട്ടിടവും, സ്റ്റാഫ് ക്വാര്‍ട്ടേഴ്സും, കാറഡുക്ക പഞ്ചായത്തിലെ മീഞ്ച പദവിലെ പിഎച്ച്സി സബ് സെന്റര്‍, ആദൂറിലെ ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിംഗാര്‍ പി.എച്ച്.സി കെട്ടിടം, കുമ്പഡാജെ പഞ്ചായത്തിലെ പി.എച്ച്.സി കെട്ടിടം കയ്യൂര്‍ ചീമേനിയിലെ പി.എച്ച്.സി കെട്ടിടം, കരിന്തളം പാലിയേറ്റിവ് കെയര്‍ സെന്റര്‍, ബേഡടുക്കയിലെ സി.എച്ച്.സി ചേര്‍ന്ന കെട്ടിടം, 39.97.11 കോടി രൂപയുടെ പദ്ധതികള്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ പാഴായികിടക്കുകയാണ്. അതുപോലെ ബഡ്സ് സ്കൂള്‍ കെട്ടിടങ്ങളും സമയ ബാധിതമായി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ട്.
അശാസ്ത്രീയമായിട്ടുള്ള നിര്‍മ്മാണം കൊണ്ട് 218.25 ലക്ഷം രൂപയുടെ 11 കുടിവെള്ള പദ്ധതികള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കുഴല്‍ കിണര്‍ നിര്‍മ്മിച്ച് ലക്ഷങ്ങള്‍ മുടക്കിയിട്ടും ഒരു തുള്ളി വെള്ളം ലഭ്യമാകാത്തതുകൊണ്ട് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരുടെ അഭാവവും, പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനുള്ള താല്പര്യകുറവും, അഴിമതിയുമാണ്. എന്‍ഡോസള്‍ഫാന്‍ പാക്കേജ് അട്ടിമറിക്കാനുള്ള കാരണം മന്ത്രിയുടെ മേല്‍ നോട്ടത്തിലുള്ള റിവ്യു കമ്മറ്റി ഫലപ്രദമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടു. കമ്മറ്റി പേരിന് മാത്രം ആവുകയും യോഗങ്ങള്‍ ചടങ്ങായി മാറുകയാണെന്ന് കെ.ശ്രീകാന്ത് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കാനായി പ്രഖ്യാപിച്ച നോഡല്‍ ഓഫീസറുടെ തസ്തികപോലും ഒഴിഞ്ഞു കിടക്കുകയാണ്.
വിഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച പണവും ഉപയോഗശൂന്യമായി കിടക്കുന്നു. 8കോടി രൂപ ജില്ലാ പഞ്ചായത്ത് അക്കൗണ്ടില്‍ വര്‍ഷങ്ങളായി കിടക്കുകയും വിഭിന്ന ശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെ വഞ്ചിച്ചിരിക്കുകയാണ്. ഈ പണം വക മാറ്റി ചിലവഴിക്കുകയും ചെയ്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഈ തുകയുടെ പലിശ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ചില ഉദ്യോഗസ്ഥന്മാരുടെ ശമ്പളം നല്‍കാനാണ് ജില്ലാ പഞ്ചായത്ത് ചിലവഴിക്കുന്നത്. വിഭിന്ന ശേഷിക്കാരോടു പോലും നീതി പുലര്‍ത്താന്‍ ഇടത് വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കെ.ശ്രീകാന്ത് വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. ജില്ലയുടെ വികസന കാര്യത്തിന് അവഗണന അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ആദ്യമായാണ് ജില്ലാ പഞ്ചായത്തിനോട് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നത്. ആവശ്യമുള്ള പദ്ധതികള്‍ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നേരിട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പക്ഷെ പദ്ധതികള്‍ തയ്യാറാക്കി നല്കാന് ജില്ലാ പഞ്ചായത്ത് ഇതുവരെ യാതൊരു നടപടിയും സ്വികരിച്ചിട്ടില്ല. ആയതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ജില്ലാ പഞ്ചായത്ത് ഇടപെടുകയും ഭരണസമിതി യോഗം വിളിച്ചു കൂട്ടണമെന്ന് ബിജെപി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ നിര്‍ദ്ദേശങ്ങള്‍ ക്രോഡികരിച്ച് സമഗ്രമായ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാകണമെന്നും ബിജെപി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ശ്രീകാന്ത്, ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: