തിരുവല്ല: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പോര്‍ട്സ് ഹോസ്റ്റലിന്റെ പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കുകള്‍ സമീപകിണറുകളിലെ ജലം മലിനമാക്കുന്നതായി പരാതി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ താലൂക്ക് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കെ.ഐ. കൊച്ചീപ്പന്‍ മാപ്പിള മെമ്മോറിയല്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിനെതിരെയാണ് സമീപവാസികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മേല്മൂടി ഇളകിമാറിയ നിലയിലുള്ള കക്കൂസ് ടാങ്കുകളില്‍ നിറയുന്ന മലിനജലം പുറത്തേക്ക് പരന്നൊഴുകുന്നതാണ് പരിസരവാസികള്‍ക്ക് വിനയായി മാറിയിരിക്കുന്നത്.
കനത്തമഴയില്‍ കുത്തിയൊഴുകുന്ന വെള്ളവും കുളിമുറികളിലെ വെള്ളവും ടാങ്കുകളില്‍ നിറയുന്നതോടെ കവിഞ്ഞൊഴുകുന്ന ടാങ്കില്‍നിന്നും വിസര്‍ജ്ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പുറത്തേക്ക് ഒഴുകുന്നത്. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ടാങ്കുകളില്‍നിന്നുള്ള മലിനജലം സമീപത്തെ താഴ്ന്ന പുരയിടങ്ങളിലെ കിണറുകളില്‍ പതിക്കുന്നതായും പരാതിയുണ്ട്.
പൊട്ടിയൊഴുകുന്ന ടാങ്കില്‍നിന്നും വമിക്കുന്ന ദുര്‍ഗ്ഗന്ധം അന്തേവാസികള്‍ക്കും സമീപവാസികള്‍ക്കും ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മലിനജലം അങ്ങിങ്ങായി കെട്ടിക്കുടക്കുന്നത് കൊതുകുകള്‍ പെരുകുവാനും ഇടയാക്കുന്നുണ്ട്. മേല്മൂടികള് ഇളകിമാറിയ കക്കൂസ് ടാങ്കിനോട് ചേര്‍ന്ന് കടന്നുപോകുന്ന കുടുവെള്ള വിതരണക്കുഴല്‍ പൊട്ടിയൊഴുകുന്നത് ഏറെ ആശങ്കയ്ക്ക് ഇടനല്കുന്നുണ്ട്.
ടാങ്കിലെ മാലിന്യം ജലത്തില്‍ കലരാതിരിക്കാന്‍ പൊട്ടിയ ഭാഗം സൈക്കിള്‍ ട്യൂബ് ഉപയോഗിച്ച് കെട്ടിയനിലയിലാണ്.
സ്ഥലപരിമിതി ഏറെയുള്ള ഹോസ്റ്റല്‍ കെട്ടിടത്തിലെ അടുക്കളിയില്നിന്നും ഒഴുകിയെത്തുന്ന മലിനജലവും സമീപത്തായി കെട്ടിക്കിടക്കുകയാണ്. മാലിന്യ നിക്ഷപത്തിനായി നിര്‍മ്മിച്ചിട്ടുള്ള മേല്‍മൂടിയില്ലാത്ത സംഭരണിയില്‍നിന്നും കാക്കകള്‍ മാലിന്യം കൊത്തിവലിച്ച് കിണറുകളില്‍ നിക്ഷേപിക്കുന്നതായും പരാതിയുണ്ട്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്ല്യവും ഏറെയാണ്.
കിംഗ് ജോര്‍ജ്ജിന്റെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പഴകിയ കെട്ടിടത്തില്‍ താത്ക്കാലിക സംവിധാനം എന്ന നിലയില്‍ 2009ലാണ് സ്പോര്‍ട് ഹോസ്റ്റല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.
വിവിധ ജില്ലകളില്‍നിന്നുള്ള മുപ്പത്തിനാല് വിദ്യാര്‍ത്ഥികളാണ് അന്തേവാസികളായി ഹോസ്റ്റലിലുള്ളത്. താത്ക്കാലിക സംവിധാനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ടാങ്കുകള്‍ക്ക് പകരം പുതിയവ നിര്‍മ്മിക്കാന്‍ അധികൃതര്‍ കാട്ടിയ അലംഭാവമാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. താത്ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ച ഹോസ്റ്റല്‍ വര്‍ഷം ആറ് പിന്നിട്ടിട്ടും പുതിയകെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ ഇതുവരെ സ്പോര്‍ട്സ് കൗണ്‍സിലിനോ പട്ടികജാതി ക്ഷേമ വകുപ്പിനോ കഴിഞ്ഞിട്ടില്ല. ഹോസ്റ്റലിനെ സംബന്ധിച്ച് പരിസരവാസികള്‍ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ശോച്യാവസ്ഥ പരിഹരിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: