കോഴിക്കോട്: കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ് മാധ്യമങ്ങളെന്ന നിശിത വിമര്‍ശനത്തോടെ സനാതന ധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍. ”മാധ്യമ നിഷ്പക്ഷതയും മാധ്യമ വിചാരണകളും” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീനാരായണ സെന്റിനറി ഹാളിലെ നിറഞ്ഞ സദസ്സില്‍ നടന്ന സംവാദത്തില്‍ കെഇഎന്‍ കുഞ്ഞഹമ്മദ്, സ്വാമി ചിദാനന്ദപുരി എന്നിവരാണ് പങ്കെടുത്തത്. ആഗോളീകരണ കാലത്ത് മാധ്യമ ഇടപെടലുകളെക്കുറിച്ച് മാര്‍ക്സിയന്‍ വിശദീകരണമാണ് കെഇഎന്‍ കുഞ്ഞഹമ്മദ് നല്കിയതെങ്കില് ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും ഭാരതീയ സമീപനമെന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്വാമി ചിദാനന്ദപുരിയുടെ നിലപാടുകള്‍. അസഹിഷ്ണുതാവാദവും അവാര്‍ഡ് തിരസ്കരണവും ഒക്കെ ചോദ്യങ്ങളും ചര്‍ച്ചകളുമായി സദസ്സില്‍ ഉയര്‍ന്നതോടെ ചൂടുപിടിച്ച സംവാദത്തിനാണ് ശ്രീനാരായണ സെന്റിനറി ഹാള്‍ വേദിയായത്.
മാധ്യമങ്ങളുടെ ഉടമസ്ഥര്‍ ആരാണെന്നുള്ളതാണ് സുപ്രധാനമെന്നും വരുമാനത്തിന്റെ സ്രോതസ്സുകള്ക്കനുസരിച്ചാണ് വാര്‍ത്തകള്‍ വിന്യസിക്കപ്പെടുന്നതെന്നും കെഇഎന്‍ ചൂണ്ടിക്കാട്ടി. അധോലോക- അധികാര ശക്തികള്‍ സമ്മര്ദ്ദശക്തികളാകുന്നു. അധികാരവിധേയമായ കാഴ്ചപ്പാടുകളും അധികാരവിധേയമല്ലാത്ത കാഴ്ചപ്പാടുകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിഷ്പക്ഷത പുലര്‍ത്താനാവില്ല. നിഷ്പക്ഷതയെ നിരാകരിക്കുകയാണ് ഇവിടെ നീതിയുടെ പക്ഷത്തുള്ള നിലപാട്. ആധുനിക ജനാധിപത്യത്തിന്റെ പ്രാണവായുവാണ് മാധ്യമങ്ങള്‍. എന്നാല്‍ ഇടതുപക്ഷ വിരുദ്ധതയുടെ അജണ്ടകളുമായി കോര്‍പ്പറേറ്റ്വല്‍ക്കരണവും നവ ഫാസിസ്റ്റ്വല്ക്കരണവും മാധ്യമരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു. കെഇഎന്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം പൗരബോധമാണെന്നും എന്നാല്‍ ഈ പൗരബോധത്തെ ശിഥിലീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവായ സാഹചര്യമാണെന്ന് വരുത്തിത്തീര്‍ത്ത് ഭാരതം അരക്ഷിതമാണെന്ന ചിന്താഗതി വളര്‍ത്തിയെടുക്കുകയാണ്. രക്തപ്പുഴ ഒഴുകുന്ന ലോകരാജ്യങ്ങളില്‍ ഭീകരമായ പലായനങ്ങള്‍ നടക്കുമ്പോള്‍ അവയൊന്നും കാണാതെ പ്രാദേശികമായ സംഘര്‍ഷങ്ങളെ സാമാന്യവല്ക്കരിക്കുകയാണ് മാധ്യമങ്ങള്‍. അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ ചൂണ്ടിക്കാണിക്കപ്പെട്ട കാരണങ്ങളെക്കാള്‍ അതിഗുരുതരമായ സാഹചര്യം ഭാരതത്തില്‍ ഉണ്ടായപ്പോഴൊക്കെ നിശ്ശബ്ദത പാലിച്ചവരാണ് ഇപ്പോള്‍ വന്‍ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഗുജറാത്ത് കലാപം നടന്നപ്പോള്‍ അതിന് കാരണക്കാരനായി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയെങ്കില്‍ കര്‍ണാടകയില്‍ സാഹിത്യകാരന് കൊല്ലപ്പെട്ടപ്പോള്‍ അവിടത്തെ മുഖ്യമന്ത്രിക്ക് പകരം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നു. ദീര്‍ഘകാലത്തെ കോടതി നടപടികളുടെ അന്ത്യത്തില്‍ ഒരു രാഷ്ട്രാന്തര ഭീകരന് തൂക്കിലേറ്റപ്പെട്ടപ്പോള്‍ അതിലും മത വിവക്ഷ നല്‍കുകയാണ് ചില നേതാക്കള്‍. കുറ്റവാളിയുടെ മതം ചികഞ്ഞ് സമൂഹത്തില്‍ അസ്വാരസ്യമുണ്ടാക്കുന്നു. ഇത്തരം ചിന്തകളുടെ പ്രചാരമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അദ്ദേഹം പറഞ്ഞു. വിഷയാവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയും ഏറെ സജീവമായിരുന്നു. അസഹിഷ്ണുത ഭരണകൂടത്തിന്റെ ഭാഗമായതാണ് പുതിയ സാഹചര്യമെന്ന് പറഞ്ഞ കെഇഎന്നിന്റെ വാദത്തെ കേന്ദ്രത്തിലെ പുതിയ സര്‍ക്കാര്‍ അത്തരത്തിലുള്ള ഏത് നയരൂപീകരണമാണ്, നിയമ നിര്‍മ്മാണമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു. കേരളത്തില്‍ നവോത്ഥാനമുണ്ടാക്കിയത് കര്‍ഷക സമരങ്ങളും തൊഴിലാളി സമരങ്ങളുമാണെന്ന കെഇഎന്നിന്റെ വാദത്തെയും സ്വാമി ഖണ്ഡിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ നവോത്ഥാന പരിശ്രമങ്ങളില്‍ ഒരു തുള്ളി ചോര പോലും ചിന്താത്ത ആത്മീയാചാര്യന്മാരുടെ പങ്കാണെന്ന് ഉദാഹരണ സഹിതം സ്വാമി വ്യക്തമാക്കി. ഭരണഘടനയില്‍ സെക്യുലറിസം എഴുതിച്ചേര്‍ത്തത് കൊണ്ടല്ല ഇവിടെ മതേതരത്വം നടപ്പായത്. ധാര്‍മ്മിക ബോധമുള്ള ജനജീവിതമാണ് അതിന്റെ അടിസ്ഥാനം അദ്ദേഹം പറഞ്ഞു. ലോക സാഹചര്യത്തില്‍ അടിമ വ്യാപാരം നടന്ന കാലഘട്ടത്തില്‍ ഭാരതത്തിലും അയിത്തവും അനാചാരങ്ങളുമുണ്ടായിരുന്നു. ഇതിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ പ്രതികരണമാണ് നവോത്ഥാന പാരമ്പര്യം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരി മുഖ്യ പത്രാധിപ ര്‍ ഡോ. എന്‍.ആര്. മധു അ ദ്ധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി, അഡ്വ. ടി. അരുണ്‍ ജോ ഷി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: