കണ്ണൂര്‍: ആയിക്കര ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി കരക്കടുപ്പിക്കുന്നതിന് ആരംഭിച്ച ഡ്രഡ്ജിംഗ് പാതിവഴിയില്‍. ഡ്രഡ്ജ് ചെയ്ത് കൂട്ടിയിട്ട മണല്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തതാണ് ഡ്രഡ്ജിംഗ് പാതിവഴിയില്‍ നിലക്കാന്‍ കാരണം. ആറ് സ്ഥലത്താണ് ഇപ്പോള്‍ മണല്‍ കൂട്ടിയിട്ടിരിക്കുന്നത്. മണല്‍ നീക്കം ചെയ്യാതെ ഡ്രഡ്ജിംഗ് പുനരാരംഭിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡ്രഡ്ജ് ചെയ്യുന്ന മണല്‍ പുതുയതായി നിര്‍മ്മിക്കാന്‍ പോകുന്ന കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് പാരിസ്ഥിതികാനുമതി ലഭിക്കാതെ നിര്‍മ്മാണം മുടങ്ങിയതാണ് മണല്‍ നീക്കം പ്രതിസന്ധിയിലാക്കിയത്. ഒരു ലോഡ് മണലിന് ഏകദേശം 2000 രൂപ വില നിശ്ചയിക്കുകയും. എന്നാല്‍ ഇതേ തുകക്ക് മറ്റ് സ്വകാര്യ വ്യക്തികള്‍ മണല്‍ എടുക്കാന്‍ തയ്യാറാകുന്നില്ല. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും വ്യക്തമായ നിലപാടെടുക്കുന്നില്ല. ആറ് കോടി എഴുപത് ലക്ഷം രൂപയാണ് ഡ്രഡ്ജിംഗിനായി അനുവദിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഡ്രഡ്ജിംഗ് ഇപ്പോള്‍ പകുതി പോലുമായിട്ടില്ല.
ആയിക്കര ഹാര്‍ബറില്‍ നടക്കുന്ന ഡ്രഡ്ജിംഗ് അശാസ്ത്രീയമാണെന്ന ആരോപണം തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന ഡ്രഡ്ജിംഗ് കൊണ്ട് ആയിക്കര ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടാകില്ല. ഡ്രഡ്ജ് ചെയ്ത് മണല്‍ നീക്കിയാലും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ വിണ്ടും മണല്‍ വന്നടിയാനുള്ള സാധ്യതയുണ്ട്. ഹാര്‍ബറിനോട് ചേര്‍ന്ന് പുലിമുട്ട് നിര്‍മിച്ചാല്‍ ഇതിന് ഒരു പരിതിവരെ പരിഹാരമാകും. ഹാര്‍ബറില്‍ പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് വര്‍ഷങ്ങളായി. പിലിമുട്ട് നിര്‍മാണം വൈകിയാല്‍ ഇപ്പോള്‍ നടക്കുന്ന ഡ്രഡ്ജിംഗ് കൊണ്ട് പ്രത്യേകിച്ച് ഗുണം ലഭിക്കില്ല. പുലിമുട്ട് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ പതിനേഴ് കോടി രൂപയുണ്ടെങ്കില്‍ മാത്രമേ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍മാണത്തിനുള്ള സാങ്കേതിക അനുമതി നേടിയെടുക്കാന്‍ പോലും ബന്ധപ്പെട്ട വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. പുലിമുട്ട് നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത സ്ഥാലത്തെക്കുറിച്ചും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന ആക്ഷേപം ശക്തമാണ്.
















