കാബൂള്‍: സംഘടനാ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അഫ്ഗാന്‍ താലിബാന്‍ നിഷേധിച്ചു. മന്‍സൂറിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് ഇ മെയ്ല്‍ ചെയ്തു നല്‍കിയാണ് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം താലിബാന്‍ തള്ളിയത്. പാക്കിസ്ഥാനിലെ ക്വെറ്റയ്‌ക്കു സമീപം കുചല്‍ക്കിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റുവെന്നും കൊല്ലപ്പെട്ടുവെന്നുമുള്ള പ്രചാരണം സത്യമല്ലെന്ന് 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ മന്‍സൂര്‍ പറയുന്നു. അത് ശത്രക്കളുടെ പ്രചാരണതന്ത്രമാണ്. വര്‍ഷങ്ങളായി കുചല്‍ക്കില്‍ പോയിട്ടെന്ന് മന്‍സൂര്‍ പറയുന്നതായും ശബ്ദരേഖയിലുണ്ട്.
ചൊവ്വാഴ്ച സംഘടനയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മന്‍സൂറിന് ഗുരുതരമായി പരിക്കേറ്റുവെന്നും, തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്. എന്നാല്‍, അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് താലിബാന്‍ വിശദീകരിക്കുന്നു. അഫ്ഗാന്‍ താലിബാന്റെ രൂപീകരണ കാലം മുതലുള്ള നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഘടന ആ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതു കണക്കിലെടുത്ത് അവരുടെ ആദ്യ വിശദീകരണം അന്വേഷണ ഏജന്‍സികള്‍ തള്ളിയിരുന്നു. ഇതോടെയാണ് ശബ്ദരേഖയുമായി താലിബാന്‍ രംഗത്തെത്തിയത്.
മുല്ല ഒമറിന്റെ മരണവിവരം പുറത്തുവിടാന്‍ വൈകിയതും, മന്‍സൂറിന്റെ സ്ഥാനാരോഹണവുമെല്ലാം സംഘടനയ്‌ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. ജൂലായ് 31നാണ് മന്‍സൂര്‍ അഫ്ഗാന്‍ താലിബാന്റെ നേതാവായി ചുമതലയേറ്റത്.
















