കൊച്ചി: ഉന്നതന്മാരുമായും ഗ്രാമീണരുമായും ഒരുപോലെ സംവദിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെതെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഒരു സമ്പൂര്‍ണ്ണ മനുഷ്യനായിരുന്നു അദ്ദേഹം. കൃഷ്ണയ്യര്‍ കൂട്ടായ്‌മ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വര വിശ്വാസിയും അതോടൊപ്പം എല്ലാ മതങ്ങളെയും ആദരിച്ച ഹിന്ദുവായിരുന്നു കൃഷ്ണയ്യരെന്നും രാജഗോപാല്‍ അനുസ്മരിച്ചു. നരേന്ദ്രമോദി ഗുജറാത്ത്്് മുഖ്യമന്ത്രിയായിരുന്ന കാലത്ത്് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ മതിപ്പോടെയാണ് കൃഷ്ണയ്യര്‍ നോക്കികണ്ടിരുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടു വന്നതും അഴിമതിയില്ലാത്ത ഭരണവും മോദിയുടെ മികച്ച നേട്ടമായി അദ്ദേഹം വിലയിരുത്തിയിരുന്നു. കൃഷ്ണയ്യരുടെ ജീവിതാഭിലാഷമായിരുന്ന കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പരിശ്രമിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മണ്‍ചാണ്ടി പറഞ്ഞു. കാന്‍സര്‍ സെന്ററിന്റെ ത്രിവ്രപരിചരണ വിഭാഗം ജനുവരിയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ജീവിതകാലം മുഴുവന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ സൗമിനിജെയിന്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റീസ് ബി.കമാല്‍പാഷ മുഖ്യാതിഥിയായിരുന്നു. മുന്‍ എംപി പി.രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. ജസ്റ്റീസ് നാരായണകുറുപ്പ്, സി.എന്‍. രാമചന്ദ്രന്‍,എം.പി. പൗലോസ്,അഡ്വ.ടി.പി. ഇബ്രാഹീംഖാന്‍, മുന്‍ കലക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍, ഡോ.സനീഷ്, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
















