കാസര്‍കോട്: മീഞ്ച ഗ്രാമപഞ്ചായത്തില്‍ നടന്ന സ്റ്റാന്റിംഗ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപി പഞ്ചായത്തംഗം ചന്ദ്രശേഖര ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് എതിര് കക്ഷികളായ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, വരണാധികാരി തുടങ്ങിയവര്‍ക്ക് ഹൈക്കോടതി അടിയന്തര നോട്ടീസ് അയച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി അംഗമായ ചന്ദ്രശേഖര ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഘട്ടത്തില്‍ 5 വോട്ട് ലഭിച്ച പഞ്ചായത്തംഗമായ ബിജെപി പ്രതിനിധി ചന്ദ്രശേഖരയെയാണ് വിജയിയായി പ്രഖ്യാപിക്കേണ്ടത്. പക്ഷെ തെരഞ്ഞെടുപ്പ് വരണാധികാരി യുഡിഎഫിന്റെയും, എല്‍ഡിഎഫിന്റെയും കൂടെ നിന്ന് ചന്ദ്രശേഖരയെ വിജയിയായി പ്രഖ്യാപിക്കുന്നതിന് പകരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പഞ്ചായത്തംഗം ചന്ദ്രാവതിയെ വിജയിച്ചതായി പ്രഖ്യാപിച്ചു. ചന്ദ്രവതിക്ക് രണ്ടാം ഘട്ടത്തിലാണ് 9 വോട്ട് ലഭിച്ചത്. ബിജെപിയംഗം ചന്ദ്രശേഖരന് ആദ്യ ഘട്ടത്തില്‍ തന്നെ 5 വോട്ട് ലഭിച്ചിരുന്നു. നിലവിലെ നിയമവും ചട്ടവും അനുസരിച്ച് ചന്ദ്രശേഖരയായിരുന്നു സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് വരേണ്ടത്. ചന്ദ്രാവതിയുടെ കൂടെ രണ്ടാം ഘട്ടത്തില്‍ 5 വോട്ട് ലഭിച്ച ബിജെപിയംഗം ശാലിനിയെയും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വരണാധികാരിയെ കൂട്ട് പിടിച്ച് ഇടത് വലത് സഖ്യം നടത്തിയ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്താണ് ബിജെപി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: