തളിപ്പറമ്പ്: എന്‍പിആര്‍ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിച്ചത് സംബന്ധിച്ച് സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്കാത്തത് വിദ്യാലയത്തില്‍ സംഘര്‍ഷത്തിന് വഴിമരുന്നിടുന്നു. എന്യൂമറേഷന്‍ നടത്തുന്നതിനായി അനുവദിച്ചിട്ടുള്ള ലീവിനെ സംബന്ധിച്ചാണ് എന്യൂമറേറ്ററായ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും തമ്മില്‍ വാക്തര്‍ക്കത്തിന് കാരണമാകുന്നത്.
വില്ലേജുകളില്‍ എന്യൂമറേറ്ററെ നിയമിച്ച് ഉത്തരവിറക്കുന്നത് അതാത് റവന്യൂ ഡിവിഷനിലെ സബ് ഡിസ്ട്രിക്ട് രജിസ്ട്രാറായ തഹസില്‍ദാരാണ്. നഗസഭകളില്‍ നഗരസഭ സെക്രട്ടറിയും. ഓരോ വിദ്യാലയത്തില്‍ നിന്നും നിയമിതരായ എന്യൂമറേറ്റര്‍മാരുടെ ലിസ്റ്റും നിയമന ഉത്തരവും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നല്കി. നഗരസഭയില്‍ നിന്നു നല്കിയ ഉത്തരവിന്റെ കൂടെ എന്യൂമറേറ്റര്‍മാരെ പരിശീലന ക്ലാസ്സില്‍ പങ്കെടുപ്പിക്കണം എന്നു മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളു. തഹസില്‍ദാര്‍ നല്കിയ നിര്‍ദ്ദേശത്തില്‍ എന്യൂമറേറ്റര്‍മാരെ പരിശീലനക്ലാസ്സില്‍ പങ്കെടുപ്പിക്കണം എന്നു പറഞ്ഞിരിക്കുന്നതിന് പുറമെ 8 ദിവസത്തെ ഡ്യൂട്ടി ലീവ് നവംബര്‍ 30 മുതല്‍ അനുവദിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
പരിശീലനക്ലാസ്സില്‍ പങ്കെടുത്തവരോട് 8 പൂര്‍ണ്ണ ദിവസമോ 15 അര്‍ദ്ധ ദിവസമോ ഡ്യൂട്ടി ലീവ് അനുവദിക്കും എന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദശം കിട്ടാത്തതിനാല്‍ ലീവ് അനുവദിക്കാന്‍ സാധിക്കില്ല എന്ന് ചില പ്രധാനാദ്ധ്യാപകര്‍ പറയുന്നു. എല്ലാ കാര്യത്തിനും ഉത്തരവിറക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന് ഡ്യൂട്ടി ലീവിനെക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം നല്കിക്കൂട എന്നാണ് പ്രധാനാദ്ധ്യാപകര്‍ ചോദിക്കുന്നത്. ലീവിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മിക്ക എന്യൂമറേറ്റര്‍മാര്‍ക്കും ജോലി തുടങ്ങാന്‍ സാധിച്ചിട്ടില്ല.
















