ആലുവ: സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തൊഴിലാളികള്‍ വേറെ മുറികളിലായതിനാല്‍ ആളപായമില്ല.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കോഫി ഹൗസിലെ ഗോവണിക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് സിലിണ്ടറുകളില്‍ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. മറ്റ് സിലിണ്ടറുകള്‍ക്ക് തകരാര്‍ സംഭവിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഭിത്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. സമീപം ഉണ്ടായിരുന്ന പാത്രങ്ങളും പേപ്പറുകളും കത്തി നശിച്ചു. അടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്ന തൊഴിലാളികള്‍ ശബ്ദം കേട്ടുണര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടറുകളുടെ വാല്‍വില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് വഴിവെച്ചതെന്ന് കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറഞ്ഞു.
















