ചേര്‍ത്തല: നഗരത്തില്‍ മതില്‍ മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മനോഹരന്റെ വാക്കുകളില്‍ മരണത്തെ മുഖാമുഖം കണ്ടതിന്റെ പരിഭ്രമം. ‘വൈകിട്ട് ചായ കുടിക്കുവാന്‍ പോകുവാന്‍ സമയം നോക്കി മൂന്നരയായെന്നു പറഞ്ഞശേഷം ഷിബുവിന്റെയും സാജന്റെ അടുക്കല്‍ നിന്ന് അല്‍പം അകലെ ഇടനാഴിയുടെ അടുത്ത കുഴിയെടുക്കുവാന്‍ പോയതേയുണ്ടായിരുന്നൊള്ളൂ. വാഷ് ബേസിന്റെ ഭാഗത്ത് കുഴിയെടുക്കുകയായിരുന്നു ഷിബുവും സാജനും. പെട്ടെന്ന് മതില്‍ ഞങ്ങളുടെ ദേഹത്തേക്ക് മറിഞ്ഞു. ഇതുകണ്ട് ഞാന്‍ ചാടിമാറാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ ഇടനാഴിയിലേക്ക് വീണു. മറ്റ് രണ്ട് പേരും മതിലിന്റെ അടിയില്‍പ്പെട്ടു. എനിക്ക് പുറത്തേക്ക് കടക്കുവാന്‍ കഴിയാത്ത വിധം മതില്‍ വീണെങ്കിലും മനുഷ്യഇടനാഴിയിലായതിനാല്‍ കാര്യമായ പരിക്കേറ്റില്ല.
അരമണിക്കൂറോളം കഴിഞ്ഞ് അഗ്‌നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മനോഹരന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
നിസ്സഹായനായി ജോഷി
ചേര്‍ത്തല: സഹപ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ മരണത്തോട് മല്ലിട്ടപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കുവാനേ ജോഷിക്ക് കഴിഞ്ഞുള്ളൂ. അപകടസ്ഥലത്ത് ഇവരോടൊപ്പം ജോലി ചെയ്യുകയായിരുന്നു തൈക്കല്‍ തട്ടുപുരയ്‌ക്കല്‍ ജോഷി(40).
ജോഷിയുള്‍പ്പെടെ നാല് പേരാണ് മതിലിനോട് ചേര്‍ന്ന് പൈപ്പിടുന്ന ജോലികള്‍ക്ക് എത്തിയിരുന്നത്. പൈപ്പ് എടുക്കുന്നതിന് ഇവിടെ നിന്ന് അല്‍പം അകലേക്ക് മാറിയപ്പോഴായിരുന്നു അപകടമെന്ന് ജോഷി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ തല പുറത്തേക്ക് കാണാമായിരുന്നെങ്കിലും മണ്ണിലേക്ക് മുഖം പൊത്തിയനിലയിലായിരുന്നു. പുറത്തേക്ക് എടുക്കുവാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും ജോഷി പറഞ്ഞു.
















