കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി. ഒ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീതിനിഷേധം വ്യക്തമായ നിലക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്‌ക്ക് കേസ്സെടുക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി. പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഷാജിയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തിമാക്കിയ കാര്യങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരന്ത്രിക്കും മുഖ്യമന്ത്രിക്കുമാണെന്നിരിക്കെ ഷാജിയുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിനേഴ് വര്‍ഷമായി മേലുദ്യോഗസ്ഥന്റെ ഒരു മുന്നറിയിപ്പിനു പോലും വിധേയനാകാത്ത സത്യസന്ധനായ ഓഫീസര്‍ക്ക് കൊടും ക്രിമിനലുകള്‍ക്കു നല്‍കുന്ന നീതിപോലും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റം ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ സമര മാര്‍ഗ്ഗങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















