കൊച്ചി: സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ സെന്റ് ജോര്‍ജ്ജിന്റെ പ്ലസ്ടു താരം അനിലാഷ് ബാലന്റെ മനസ്സില്‍ ആഗ്രഹങ്ങളും സ്വപ്നങ്ങളും പലതായിരുന്നു. അവസാനം ജില്ല സ്‌കൂള്‍ മീറ്റില്‍ തന്റെ ഇഷ്ട ഇനത്തില്‍ മെഡല്‍ നേടി മടങ്ങാനുള്ള അനിലാഷിന്റെ ആഗ്രഹം ഹര്‍ഡിലില്‍ തട്ടി ഇല്ലാതായി.
മത്സരത്തിനിടെ ഹര്‍ഡിലില്‍ തട്ടി അനിലാഷ് ട്രാക്കില്‍ വീഴുകയായിരുന്നു. കഴുത്തില്‍ മുഴ കാരണം ഓപ്പറേഷന്‍ കഴിഞ്ഞായിരുന്നു അനിലാഷ് മത്സരിക്കാനെത്തിയത്. ഈ ഇനത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മത്സരരംഗത്തുള്ള അനിലാഷ് അഞ്ചു സ്വര്‍ണം നേടിയിരുന്നു.
കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ മീറ്റിലും സൗത്ത് സോണ്‍ അത്‌ലറ്റിക് മീറ്റിലും അനിലാഷിനായിരുന്നു വെള്ളി. ഹര്‍ഡിലില്‍ വീണെങ്കിലും ആദ്യ ദിനം നടന്ന 400 മീറ്ററില്‍ വെള്ളി നേടിയതിനാല്‍ താരത്തിന് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനാവും. ഈ ഇനത്തിലെങ്കിലും മെഡല്‍ നേടി അവസാന സ്‌കൂള്‍ മീറ്റ് മെഡല്‍ നേട്ടത്തോടെ തന്നെ അവസാനിപ്പിക്കാമെന്നാണ് അനിലാഷിന്റെ പ്രതീക്ഷ.
















