കാസര്‍കോട്: ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്ല്യയോജനയുടെ തൊഴില്‍ പരിശീലനകേന്ദ്രം കള്ളാര്‍, ചുള്ളിക്കര ഡോണ്‍ ബോസ്കോ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. 18 നും 35 നും മദ്ധ്യേ പ്രായമുളള യുവജനങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡോണ്‍ ബോസ്കോ കോളേജില്‍ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇലക്ട്രീഷ്യന്, കസ്റ്റമേഴ്സ് കെയര്‍ എന്നീ കോഴ്സുകളിലാണ് പരിശീലനം. ആറ് മാസം ദൈര്‍ഘ്യമുളളതാണ് ഇലക്ട്രീഷ്യന് കോഴ്സ്. കസ്റ്റമേഴ്സ് കെയര്‍ കോഴ്സിന്റെ കാലാവധി മൂന്ന് മാസമാണ്. പരിശീലനത്തിനുശേഷം പഠിതാക്കള്‍ക്ക് വരുമാനം നേടിയെടുക്കുന്നതിന് ഉതകുന്ന ജോലി ലഭ്യമാക്കുക എന്നതാണ് ആ പദ്ധതിയുടെ സവിശേഷത. സൗജന്യമായി നല്കുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ യുവതിയുവാക്കളാണ്. നിലവില്‍ ഉദുമയിലും ഈ പദ്ധതിപ്രകാരം പരിശീലനം നല്‍കുന്നുണ്ട്. ഇവിടെ റിട്ടെയ്ല്‍, സെയില്‍സ് രംഗത്താണ് പഠിതാക്കളെ സജ്ജരാക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെ നീളുന്നതാണ് ഇവിടത്തെ പരിശീലനം.
ഗ്രാമപ്രദേശങ്ങളിലെ യുവതീയുവാക്കളുടെ ഉന്നമനം ലക്ഷ്യമിട്ട് ദേശീയഗ്രാമീണ ഉപജീവനമിഷന്‍ ആജീവിക മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണുളളത്. പഠിതാക്കളെ അവരുടെ വിദ്യാഭ്യാസയോഗ്യതക്കും, അഭിരുചിക്കും യോജിച്ച കോഴ്സ് നല്കി സാമ്പത്തിക സജ്ജരാക്കുന്നതിലൂടെ തൊഴിലില്ലാത്ത യുവതീയുവാക്കള്‍ക്ക് കൈത്താങ്ങാകുകയാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: