ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥമൂലം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പാവപ്പെട്ട രോഗികള്‍ വന്‍ ഫീസ് നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമ്പോഴാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ദുരവസ്ഥ.
ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോയെന്ന് ശരീരത്തിനുള്ളില്‍ കുഴലിട്ട് പരിശോധന നടത്തുന്ന ബ്രോങ്കോസ്‌കോപ്പി എന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണം നോക്കുകുത്തിയായി മൂലയ്‌ക്ക് തട്ടിയിട്ട് നാളുകളേറെയായി. എ സി സൗകര്യമുള്ള മുറിയും സ്റ്റാഫ് നേഴ്‌സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ ജീവനക്കാരെയും അനുവദിച്ചാല്‍ ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കുറഞ്ഞ ചെലവില്‍ പരിശോധന നടത്താന്‍ സാധാരണക്കാരായ രോഗികള്‍ക്ക് ഇതിനാല്‍ സാധിക്കും. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ കാലതാമസം വരുത്തുകയാണ്.
നെഞ്ചുവേദന അനുഭവപ്പെട്ടെത്തുന്ന രോഗികളെ പരിശോധിക്കുന്നതിനുള്ള ടിഎംഡി മെഷീന്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. 2007ല്‍ കൊണ്ടുവന്ന ഈ ഉപകരണം ഇതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
ജീവിതശൈലി രോഗികള്‍ക്ക് വേണ്ടി പ്രത്യേകമായി എന്‍സിഡിപി വാര്‍ഡ് തുടങ്ങുമന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ രക്ത പരിശോധനയും രക്തസമ്മര്‍ദ്ദനവും മറ്റും പരിശോധിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇവിടെ ലഭിക്കുമായിരുന്നു. കൂടാതെ ശ്വാസകോശ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള പിഎംആര്‍എ വാര്‍ഡും പ്രവര്‍ത്തസജ്ജമല്ല. നിലവില്‍ ശ്വാസകോശ രോഗികളെ മറ്റു രോഗികള്‍ക്കൊപ്പം കാറ്റും വെളിച്ചവും മതിയായി ലഭിക്കാത്ത വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. ഇത് രോഗം മൂര്‍ച്ഛിക്കാനേ ഇടയാക്കുകയുള്ളൂ. ഓണത്തിന് മുമ്പ് പിഎംആര്‍എ വാര്‍ഡ് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ആലപ്പുഴ നഗര മദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ ആതുരാലയത്തോട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കാട്ടുന്ന അവഗണനയില്‍ ശക്തമായ പ്രതിഷേധമുയരുന്നു.
















