മാവേലിക്കര: വിവാഹിതനായ കാമുകനെ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചു വരുത്തി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ കാമുകി കുറ്റക്കാരിയെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
കൊല്ലം നീണ്ടകര ചാലില്‍ വീട്ടില്‍ ശശികുമാറിന്റെ മകന്‍ സനല്‍കുമാറി(32)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കൃഷ്ണപുരം ഞക്കനാല്‍ രാജ്‌നിവാസില്‍ രാജന്റെ ഭാര്യ മിഷ്യ (43) കുറ്റക്കാരിയാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം കണ്ടെത്തിയത്.
2010 മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സനല്‍കുമാറിന് മിഷ്യയുമായി അടുപ്പമുണ്ടായിരുന്നു. ഇത് നിലനില്‍ക്കെ മിഷ്യയുടെ എതിര്‍പ്പ് അവഗണിച്ച് 2009ല്‍ സനല്‍കുമാര്‍ നിലമ്പൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചു.
തുടര്‍ന്ന് ഗോവയില്‍ താമസമാക്കി. സനല്‍കുമാര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് പ്രതി സനല്‍കുമാറിനെ ഫോണില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി സയനൈഡ് ചേര്‍ത്ത ശീതള പാനീയം നല്‍കുകയായിരുന്നു. ഇത് കുടിച്ച സനല്‍കുമാര്‍ അടുക്കളയില്‍ തല്‍ക്ഷണം മരിച്ചു.
ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ മറ്റ് സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റം തെളിഞ്ഞത്. കേസില്‍ 30 സാക്ഷികളുള്ളതില്‍ 23 പേരെ വിസ്തരിച്ചു. അഞ്ച് സാക്ഷികള്‍ കൂറുമാറി. 39 രേഖകളും 13 തൊണ്ടിമുതലും ഹാജരാക്കി. വ്യക്തമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കൊലക്കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയത്.
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി മിഷ്യയെ ആലപ്പുഴ വനിതാ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സാംവര്‍ഗ്ഗീസ് ഹാജരായി.
















