കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രാത്രി കാല ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ സന്ദീപി (34)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന രണ്ടു പേരാണെന്ന് പ്രതികള്‍ മൊഴി. വധശ്രമത്തിനിരയായ സന്ദീപും ഓട്ടോ ഡ്രൈവറായ ചൗക്കി കമ്പാറിലെ അര്ഫാത്തും സുഹൃത്തുക്കളും പരിചയക്കാരായിരുന്നു. ഇതിനിടയില്‍ സന്ദീപിന് ഒരു ഓട്ടോറിക്ഷ അര്‍ഫാത്ത് ഇടപെട്ട് വില്പന നടത്തിയിരുന്നു. ഇതിനു ശേഷം പണം സംബന്ധിച്ചുള്ള തര്‍ക്കവും ഇവര്‍ തമ്മിലുണ്ടായിരുന്നു. ഇതിന്റെ പേരില്‍ കോട്ടക്കണ്ണിയിലും മറ്റും വെച്ച് ഇവര്‍ വഴക്കുകൂടിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഒന്നര മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉളിയത്തടുക്കയിലെ മുസ്തഫയാണ് സന്ദീപിനെ വധിക്കാനുള്ള 30,000 രൂപ ഇവര്‍ക്ക് കൈമാറിയതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
ഗള്‍ഫിലുള്ള രണ്ടു പേരാണ് 30,000 രൂപയ്ക്ക് കണക്കാക്കിയുള്ള ദിര്‍ഹം മുസ്തഫയുടെ കൈയില്‍ കൊടുത്തുവിട്ടത്. ഇത് കാസര്‍കോട്ട് വെച്ച് ഇന്ത്യന്‍ പണമാക്കിയാണ് പ്രതികള്‍ക്ക് നല്‍കിയത്. അര്‍ഫാത്തിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഗള്‍ഫില്‍ ഗൂഢാലോചന നടത്തിയവര്‍ മൊബൈല്‍ നമ്പറില്‍ നിന്നും നെറ്റ്കോള്‍ വഴിയും ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ 17 കാരനുള്പെടെ ആറു പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതില്‍ മുഖ്യപ്രതികളായ അര്ഫാത്തിന്റെയും ചൗക്കി ബദര്‍ നഗറിലെ ഇച്ചു എന്ന ഇസ്മായിലിനെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത രണ്ടു പേരെയും കേസില്‍ പ്രതിയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമവും പോലീസ് നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: