കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ മെക്കാഡത്തിന് പകരം കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ച് റോഡു പണിയില്‍ കോടികളുടെ അഴിമതി നടത്തുന്നതായി പരാതി. മെക്കാഡം ടാറിങ് അട്ടിമറിച്ച് കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തി കോടികള്‍ നഷ്ടമാക്കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ 13, 14 വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന സിറ്റിസണ്‍ നഗര്‍ അല്ലാമ നഗര്‍ മാസ്തിക്കുണ്ട് റോഡിന്റെ മെക്കാഡം ടാറിങ്ങാണ് കരാറുകാരനും അധികൃതരും ചേര്‍ന്ന് അട്ടിമറിച്ചതെന്നാണ് പരാതി.
എസ്റ്റിമേറ്റ് പ്രകാരം മെക്കാഡം ടാറിങ്ങിനൊപ്പം ഓവുചാലും കള്വര്ട്ടുമടക്കം പണിയേണ്ടിടത്ത് ഭാഗികമായി കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുക മാത്രമാണുണ്ടായത്. സംരക്ഷണ ഭിത്തി, ഓവുചാല്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് 50 ലക്ഷവും മെക്കാഡം ടാറിങ്ങിന് 1.5 കോടി രൂപയും അനുവദിച്ചതായി വാര്‍ഡിലെ ഒരാള്‍ക്ക് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. പൊടിപ്പള്ളം, ബംബ്രാണിനഗര്, കോയപ്പാടി, കോളിക്കട്ട, ബാലടുക്ക, പാടി, മസ്ജിദ് റോഡ്, കെട്ടുംകല്ല്, കോലാച്ചിയടുക്കം പ്രദേശത്തുകാരുടെ ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് രണ്ടുകോടി രൂപ മെക്കാഡം ടാറിങ്ങിന് അനുവദിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആദ്യം തന്നെ തുക അനുവദിച്ച് ഉത്തരവായെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞാണ് കരാറുകാരന് പണി തുടങ്ങിയത്. റോഡിന്റെ ഇരുഭാഗത്തും 50 മീറ്റര്‍ നീളത്തില്‍ ഇടവിട്ട് കോണ്‍ക്രീറ്റ് റോഡ് ചെയ്തായിരുന്നു തുടക്കം. ആറുമാസമായിട്ടും നിര്മാണമെങ്ങുമെത്താതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മെക്കാഡം ടാറിങ് അട്ടിമറിച്ചതും ‘റോഡുപണി പൂര്‍ത്തിയായതും’ നാട്ടുകാര്‍ അറിയുന്നത്.
സിറ്റിസണ്‍ നഗര്‍ കോളിക്കട്ട അല്ലാമ നഗര്‍ പാതയില്‍ ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തതൊഴിച്ചാല്‍ ബാക്കി പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. കേവലം 25 ലക്ഷം രൂപയ്ക്ക് തീരേണ്ട പ്രവൃത്തിക്ക് രണ്ടുകോടി നല്‍കിയെന്നത് അഴിമതി നടന്നതിന് വ്യക്തമായ തെളിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കരാറുകാരനും കൂട്ടുപ്രതികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: