നീലേശ്വരം: മാലിന്യ പ്രശ്നം പോലെ ദുസഹമാണ് നീലേശ്വരം നഗരത്തില്‍ വാഹന പാര്‍ക്കിങ്ങ്. നഗരസഭ ബസ് സ്റ്റാന്റ് കയ്യേറിയുള്ള സ്വകാര്യ വാഹന പാര്‍ക്കിങ്ങിനെതിരെ നടപടികള്‍ ഇല്ലാത്തത് കാരണം ഇവിടെ വാഹനങ്ങള്‍ ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടാതെ ബസ്സ്റ്റാന്റ് പരിസരത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പും, വഴിയും വാഹനങ്ങളെ കൊണ്ട് രാവിലെ തന്നെ നിറയുന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശം തൊട്ട് സ്റ്റേഷന് റോഡിന്റെ വശങ്ങളിലും വാഹന പാര്‍ക്കിങ്ങ് വന്‍തോതിലാണ്. തളിയില്‍ ക്ഷേത്ര പരിസരം, ക്ഷേത്രം റോഡ്, ബസ്സ്റ്റാന്റ് റോഡിന്റെ ഒരുവശം, തെരു ജംഗ്ഷന് എന്നിവിടങ്ങളിലും വാഹന പാര്‍ക്കിങ്ങ് കൂടിവരുന്നു. നേരം പുലരും മുമ്പ് ഇരുചക്ര വാഹനങ്ങളും, കാറുകളും കൊണ്ട് നീലേശ്വരം നിറയുകയാണ്. വൈകി വരുന്നവര്‍ അശാസ്ത്രീയമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പൂട്ടിയിടുന്നത് കാരണം സ്വന്തം വാഹനം തിരിച്ചെടുക്കാന്‍ പറ്റാത്തത് മൂലമുണ്ടാകുന്ന വാക് തര്‍ക്കങ്ങളും ഇവിടെ വര്‍ദ്ധിച്ചുവരികയാണ്. പാര്‍ക്കിങ്ങ് സംവിധാനത്തില്‍ ശാസ്ത്രീയമായ രീതി കൈക്കൊള്ളാന്‍ നഗരസഭക്ക് പദ്ധതിയുണ്ടെന്ന് പുതിയ ചെയര്മാന് അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ക്കിങ്ങിന് വേണ്ടിയുള്ള സ്ഥലം എവിടെ കണ്ടെത്തുമെന്നതാണ് കുഴക്കുന്ന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: