കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തെന്ന കാരണത്താല്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഡിസിസി നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി പ്രസഡന്റിന് പരാതി നല്കി. പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മാണിമൂലയില്‍ പാര്‍ട്ടി കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും ഡിസിസിക്കെതിരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ലഘുലേഖകളും പതിക്കുകയും ചെയ്തിട്ടുണ്ട്. പടുപ്പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ നുറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഡിസിസി തീരുമാനത്തെ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം എതിര്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധ യോഗം. പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കാനും യോഗം തീരുമാനിച്ചു.
കുറ്റിക്കോലിലെ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി വധിച്ച സിപിഎമ്മിന് അധികാരം നല്കാന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ഒത്താശ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ ഭാഗത്തുനിന്നും കോണ്‍ഗ്രസിന് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് തെറ്റെങ്കില്‍ വോട്ടെടുപ്പ് ദിവസം രാവിലെ വരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതാക്കളുമായി സഖ്യ ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പുറത്താക്കപ്പെട്ട അംഗങ്ങള്‍ ചോദിക്കുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഡിസിസി വിപ്പ് നല്‍കിയിട്ടില്ലെന്നും അതിനാല്‍ പുറത്താക്കിയ നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും, വിപ്പ് നല്‍കാതെ കൃത്യവിലോപം കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. പുറത്താക്കിയ അംഗങ്ങള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വന്‍ സ്വീകരണമാണ് നല്‍കിവരുന്നത്. ഡിസിസി തീരുമാനത്തോടൊപ്പമല്ല അംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് തങ്ങളെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തില്‍ ഭൂരിഭാഗം പേരും പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കേണ്ടതായിരുന്നെന്നും ഡിസിസി നിലപാടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ബൂത്ത് കമ്മറ്റികളുടെ തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഡിസിസി തീരുമാനമാണ് നാലുവാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. അതിനാല്‍ ഡിസിസി നേതൃത്വത്തിനെതിരെയാണ് നടപടി വേണ്ടതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: