കാസര്‍കോട്: മാറിമാറി കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ വികസനം മലപ്പുറത്തും കോട്ടയത്തുമായി കേന്ദ്രീകരിച്ചപ്പോള്‍ കാസര്‍കോട് അവഗണിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി. എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ യാത്ര പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ടെ ജനങ്ങള്‍ വിദ്യാഭ്യാസത്തിനായും, ചികിത്സകള്‍ക്കായും മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ഇടത് വലത് മുന്നണികള്‍ ഒരു കുടിപ്പള്ളിക്കൂടം പോലും അവര്‍ കാസര്‍കോട്ട് ഞങ്ങള്‍ക്ക് അനുവദിച്ച് തന്നില്ല. ഇ.കെ.നായനായരുടെയും, കെ.കരുണാകരന്റെയും ഭരണകാലഘട്ടങ്ങളിലാണ് എന്‍ഡോ സള്ഫാന് കാസര്‍കോട്ട് തളിച്ചത്. ഇതിന്റെ തുല്യ പങ്കാളിത്തത്തില്‍ നിന്ന് ഇടത് വലത് മുന്നണികള്‍ക്ക് മാറി നില്ക്കാന് കഴിയില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല. ഒരു എഫ്ഐആര്‍ പോലും ഇടാന്‍ അവര്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ തളിച്ചവരെ രക്ഷിക്കുന്ന സമീപനമാണ് എല്‍ഡിഎഫും കോണ്‍ഗ്രസ്സും സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ മഴ വരുമ്പോള്‍ ആളുകള്‍ ഓടും. പക്ഷെ മഴയെയും അവഗണിച്ച് ഇവിടെ നില്ക്കുന്ന ആയിരങ്ങളെ കാണുമ്പോള്‍ ഹൈന്ദവ ഐക്യത്തിലൂന്നി മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നില്ക്കുന്ന ആളുകള്‍ക്കു വേണ്ടി പേരാടാനുള്ള ശക്തി വര്‍ദ്ധിക്കുകയാണ്. മഴയെ അവഗണിച്ചു കൊണ്ട് സ്ത്രീകളും കുട്ടികളുള്‍പ്പെടെ ആയിരങ്ങള്‍ സമത്വ മുന്നേറ്റ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ നഗര വീഥികളെ പീതാംബരമണിയിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റു വാങ്ങി യാത്ര അനന്തപുരിയിലേക്ക് പ്രയാണം ആരംഭിച്ചു. യാത്രയോടനുബന്ധിച്ച് സമ്മേളനം നടക്കുന്ന ഗ്രൗണ്ടില്‍ ഗണപതി പൂജയും നടത്തി. ഉദ്ഘാടനത്തോടെ കണ്ണൂര്‍ ജില്ലയിലേക്ക് കടക്കുന്ന സമത്വ മുന്നേറ്റ ജാഥ എല്ലാ ജില്ലകളിലും പര്യടനം നടത്തി അടുത്തമാസം അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തോടെ പുതിയ പാര്‍ട്ടിയും നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: