ശബരിമല: പമ്പമുതല്‍ സന്നിധാനം വരെ ഇരുപതോളം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരം‘ഭിക്കുമെന്ന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രഖ്യാപനത്തില്‍നിന്നും ആരോഗ്യവകുപ്പ് പിന്മാറുന്നു. ഒരു ഡോക്ടറും നഴ്സും കുറഞ്ഞത് രണ്ട് സഹായികളും അടങ്ങുന്ന മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ആവശ്യത്തിന് ഡോക്ടറന്മാരില്ലെന്ന കാരണത്തില്‍ മെഡിക്കല്‍ കെയര്‍ യൂണിറ്റുകളെ ഓക്സിജന്‍ പാര്‍ലറുകളാക്കി മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കമെന്നാണ് സൂചന.
പമ്പ മുതല്‍ സന്നിധാനം വരെ പതിനെട്ടോളം ഒക്സിജന്‍ പാര്‍ലറുകള്‍ ആരോഗ്യവകുപ്പ് ഇതിന്റെ ഭാഗമായി തുറന്നിട്ടുണ്ട്. പുതിയ പാര്‍ലറുകളില്‍ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിയും 2 സന്നദ്ധസേവകരും മാത്രമാണ് ആകെ സേവനത്തിനായി ഉണ്ടാവുക. തത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ പമ്പ മുതല്‍ സന്നിധാനം വരെ ഉണ്ടായിരുന്ന അതേ ഓക്സിജന്‍ പാര്‍ലറുകള്‍ മാത്രമാവും ഉണ്ടാവുക. മലകയറുമ്പോള്‍ ഉണ്ടാകുന്ന ദേഹാസ്സ്വാസ്ഥ്യം, ഹൃദയാഘാതം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാട്ടുന്ന രോഗികളെ കെയര്യൂണിറ്റുകളില് എത്തിച്ച് ഇസിജി, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിച്ച് പ്രഥമിക ചികിത്സ നല്കാന് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് ആകുമായിരുന്നു.
എന്നാല്‍ ഒക്സിജന്‍ പാര്‍ലറുകളില്‍ ഓക്സിജന്‍ നല്കുകയല്ലാതെ മറ്റ് പരിശോധനകള്‍ ഒന്നും സാദ്ധ്യമാകില്ല. നീലിമല ബോട്ടം, നീലിമല -2, നീലിമല-3, നീലിമല ടോപ്പ്, അപ്പാച്ചിമേട് താഴ്‘ഭാഗം, അപ്പാച്ചിമേട് മിഡില്‍, അബ്ബാസ്ക്യാമ്പ് ഷെഡ്, അപ്പാച്ചിമേട് മുകളില്‍, ലക്ഷമി ഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി താഴ്ഭാഗം, ശരംകുത്തി മുകളില്‍, ചരല്‍മേട് മുകളില്‍, ചരല്‍മേട് താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളിലാണ് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയിട്ടുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നിരവധി അയ്യപ്പ‘ഭക്തന്മാര് മലകയറ്റത്തിനിടെ കുഴഞ്ഞു വീഴുക പതിവാണ്. കഴിഞ്ഞവര്‍ഷം അമ്പതോളം തീര്‍ത്ഥാടകരാണ് ശബരിമലയിലും പമ്പയിലുമായി കുഴഞ്ഞുവീണ് മരിച്ചത്. ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതിനുശേഷം സന്നിധാനത്ത് കുഴഞ്ഞുവീണ രണ്ടുപേര്‍ മരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്ന അയ്യപ്പന്മാര്ക്ക് പ്രഥമ ശ്രുശ്രൂഷ നല്കി എത്രയും വേഗം സമീപ ആശുപത്രികളില്‍ എത്തിച്ചാല്‍ പലരുടെയും ജീവന് രക്ഷിക്കാനാകും.
പക്ഷേ ഓക്സിജന്‍ പാര്‍ലറുകളില്‍ പ്രാഥമിക ചികിത്സ നല്കാന് കഴിയില്ല. ഇത് പരിഹാരമായാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ എന്ന ആശയം ഉദിച്ചത്. ഇതിനായി ഏതാനും ഹൗസ് സര്ജന്മാര്ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനവും നല്‍കിയിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് സഹായവുമായി നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം പദ്ധതി അവതാളത്തിലാകുകയാണ്.
















