ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലും മറ്റുമാധ്യമങ്ങളിലും കോടികളുടെ കാലിത്തീറ്റക്കേസില്‍ കോടതി ജയിലിലടച്ച ലാലു പ്രസാദ് യാദവിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും വാര്‍ത്തയും വന്നതിന്റെ നാണക്കേട് മറയ്‌ക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ശ്രമം.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന, ലാലുവിനെതിരെ ഒരിക്കല്‍ രൂക്ഷമായി പ്രതികരിച്ചിരുന്ന കേജ്‌രിവാള്‍ നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ലാലുവിനെ കെട്ടിപ്പിടിച്ചത്. മാധ്യമങ്ങളില്‍ ഈ ചിത്രവും മുന്‍പ് ലാലുവിനെതിരെ കേജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങളും ചേര്‍ത്ത് വാര്‍ത്തയും ചിത്രങ്ങളും വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ കേജ്‌രിവാളിനെ കണക്കറ്റു പരിഹസിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പാര്‍ട്ടിയിലും ഇത് വിവാദമായി. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി കേജ്‌രിവാള്‍ രംഗത്തിറങ്ങിയത്. താന്‍ നടന്നു പോയപ്പോള്‍ ലാലു വന്ന് കൈ തരുകയും തുടര്‍ന്ന് വലിച്ചടുപ്പിച്ച് കെട്ടിപ്പിടിക്കുകയുമായിരുന്നുവെന്നാണ് ആപ്പ് മുഖ്യമന്ത്രിയുടെ വിശദീകരണം. കെട്ടിപ്പിടിക്കാന്‍ ഞാന്‍ മുന്‍കൈ എടുത്തില്ല. കേജ്‌രിവാള്‍ പറയുന്നു.
ഞങ്ങള്‍ ലാലുവിന്റെ അഴിമതിക്ക് എതിരാണ്, എന്നും അങ്ങനെയായിരിക്കും. കേജ്‌രിവാള്‍ പറയുന്നു. വംശാധിപത്യത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ മറ്റൊരുവാദം. കഴിഞ്ഞ ദിവസം ലാലുവിന്റെ രണ്ടു മക്കളാണ് നിതീഷ് സര്‍ക്കാരില്‍ മന്ത്രിമാരായത്.
















