ധാക്ക: 1971ലെ ബംഗ്ലാദേശ് വിമോചനകാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് രണ്ട് ബംഗ്ലാദേശി പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി. ഞായറാഴ്ച വെളുപ്പിനാണ് ശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ച വെളുപ്പിന് 12.55ന് വധശിക്ഷ നടപ്പാക്കിയതായി ധാക്ക സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജഹാംഗിര്‍ കബീര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു ്. ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള നാലംഗ ബെഞ്ചാണ് ഇരുവരുടെയും റിവ്യൂ പെറ്റീഷന്‍ തള്ളി ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടത്.
ശനിയാഴ്ച പ്രസിഡന്റ് മുഹമ്മദ് അബുദുള്‍ ഹമീദും ദയാഹര്‍ജി തള്ളിയിരുന്നു. ഉടനെ ശിക്ഷ നടപ്പാക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഇവരുടെ ബന്ധുക്കള്‍ ധാക്ക ജയില്‍ സന്ദര്‍ശിച്ച് അവസാനകൂടിക്കാഴ്ച നടത്തി. ജയിലിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ ഖാലിദാ സിയ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന നേതാക്കളാണ് ചൗധരിയും അലി അഹ്‌സനും.
1971 കാലത്തെ യുദ്ധക്കുറ്റങ്ങള്‍ പരിഗണിക്കുന്നതിനായി രൂപീകരിച്ച ബംഗ്ലാദേശ് അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണലാണ് ഇരുവരുടെയും ശിക്ഷ നേരത്തെ വിധിച്ചിരുന്നത്. 2010 രൂപീകരിച്ച ട്രിബ്യൂണല്‍ ഇതുവരെ 24 പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്.
യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ രണ്ട് നേതാക്കളെ നേരത്തെ തന്നെ തൂക്കിലേറ്റിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ബിഎന്‍പി നേതാവിനെ തൂക്കിലേറ്റുന്നത്.
ബംഗ്ലാദേശ് വിമോചനസമരത്തില്‍ പാക്കിസ്ഥാന്‍ സൈന്യം മൂന്ന് ദശലക്ഷം ജനങ്ങളെ വധിക്കുകയും രണ്ടുലക്ഷം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു.
















