ന്യൂദല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റില്‍ത്തന്നെ അധഃസ്ഥിത വിഭാഗമാണെന്ന് രേഖപ്പെടുത്തുന്ന കരട് മാര്‍ഗ്ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ഉള്‍പ്പെടെ, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടാന്‍,
സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പല കാരണങ്ങളാല്‍ യഥാസമയം സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാറില്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിരന്തരവും വ്യാപകവുമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ശ്രമം. അര്‍ഹമായ ആനുകൂല്യങ്ങള്‍ ആര്‍ക്കും
നിഷേധിക്കപ്പെടാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരുതല്‍ നടപടിയുടെ ഭാഗമായാണിത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനു പ്രവേശനം നേടാനും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനും മറ്റും ജന്മദേശ സര്‍ട്ടിഫിക്കറ്റ് (ഡൊമിസൈല്‍), ജാതിവിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നല്‍കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ചുകൊണ്ടുള്ള സംവരണാനുകൂല്യത്തിനു പ്രധാനമാണ്. ജോലിക്കും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമായിവരും.
ഈ സാഹചര്യത്തില്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ത്തന്നെ പട്ടിക ജാതിയെന്നോ പട്ടികവര്‍ഗ്ഗമെന്നോ ഉള്ള വിവരം രേഖപ്പെടുന്ന സാധ്യത പരിശോധിക്കുകയാണ്, കേന്ദ്ര പെഴ്‌സണല്‍ ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാക്കിയിട്ടുള്ള കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആവശ്യമായ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കുന്ന ചുമതല അതത് സ്‌കൂള്‍ അധികൃതരുടെ ചുമതലയാക്കുന്ന കാര്യത്തിനും കരടില്‍ നിര്‍ദ്ദേശമുണ്ട്. ഇതു പ്രകാരം, സ്‌കൂള്‍ പ്രിന്‍സിപ്പാളോ ഹെഡ്മാസ്റ്ററോ കുട്ടികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ക്കാവശ്യമായ രേഖകള്‍ വാങ്ങണം.
ഇതിന് സ്‌കൂള്‍ വര്‍ഷത്തിലെ സപ്തംബര്‍-ഒക്‌ടോബര്‍ മാസം പ്രവര്‍ത്തനം നടത്തണം.
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍നിന്ന് വിവരങ്ങള്‍ വാങ്ങി അപേക്ഷാ ഫോം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൂട്ടമായി സമര്‍പ്പിച്ച് രേഖകള്‍ സമ്പാദിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കണം. എന്നാല്‍ ഇവ സ്‌കൂള്‍ അധികൃതര്‍തന്നെ ആവശ്യമായ കാലം സൂക്ഷിക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട ഓഫീസുകള്‍ 30-60 ദിവസങ്ങള്‍ക്കകം ലഭ്യമാക്കണം. ഏതെങ്കിലും കാരണത്താല്‍ അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍, ആ വര്‍ഷത്തേക്ക് താല്‍ക്കാലികമായി സര്‍ട്ടിഫിക്കറ്റ് നല്‍കാനും കരടില്‍ വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു. ഈ കാര്യത്തില്‍ ഡിസംബര്‍ 21 വരെ ബന്ധപ്പെട്ട കക്ഷികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍അഭിപ്രായം സ്വരൂപിക്കുന്നുണ്ട്.
















