ന്യൂദല്‍ഹി: ബിഹാറില്‍ മഹാസഖ്യത്തിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങിനിടെ, അഴിമതിക്കാരനായ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ആലിംഗനം ചെയ്ത എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് രൂക്ഷ വിമര്‍ശനം. ലാലുവുമായി കൂട്ടുകെട്ടിയ കേജ്‌രിവാള്‍ അണ്ണാ ഹസാരെയുടെ സ്വപ്‌നങ്ങളെ തകര്‍ത്തെന്ന് എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ ശാന്തിഭൂഷണ്‍. പാര്‍ട്ടിയില്‍ കേജ്‌രിവാളിന്റെ ഏകാധിപത്യമാണെന്നും എഎപി മന്ത്രിമാരില്‍ ഭൂരിഭാഗവും അഴിമതിക്കാരാണെന്നും ശാന്തി ഭൂഷണ്‍ കുറ്റപ്പെടുത്തി.
ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ലാലു പ്രസാദും കേജ്‌രിവാളും ആശ്ലേഷിക്കുകയായിരുന്നു. കാലിത്തീറ്റക്കേസില്‍ തടവിനുശിക്ഷിക്കപ്പെട്ട ലാലുവുമായുള്ള സൗഹാര്‍ദ്ദം പങ്കിടല്‍ കേജ്‌രിവാളിനെ ഏറെക്കുഴപ്പത്തിലാക്കി. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിന്റെ ഉപോത്പ്പന്നമായ എഎപിയുടെ മുഖ്യ പതാക വാഹകനായ കേജ്‌രിവാള്‍ അഴിമതിയുടെ ആള്‍ രൂപമായ ലാലുവിനെ കൂട്ടുപിടിച്ചപ്പോള്‍ ഏവരും നെറ്റിചുളിച്ചു.
നാണക്കേടെന്നാണ് സ്വരാജ് അഭിയാന്‍ നേതാവും എഎപിയുടെ മുന്‍ അംഗവും പഴയ സുഹൃത്തുമൊക്കെയായ യോഗേന്ദ്ര യാദവ് കേജ്‌രിയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ മൂലധനത്തെ അഴിമതിയുടെ രാഷ്‌ട്രീയത്തിന് കേജ്‌രി വിറ്റെന്നും യാദവ് ആക്ഷേപിച്ചു. ഏകാധിപതിയെപ്പോലെയാണ് കേജ്‌രിവാള്‍ പെരുമാറുന്നതെന്ന ആരോപണത്തിന് ആക്കംകൂട്ടി ശാന്തിഭൂഷണിന്റെ മകനും മറ്റൊരു എഎപി വിമര്‍ശകനുമായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ചത്തെ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ശാന്തി ഭൂഷണിനെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയിട്ടില്ലെന്നും മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി പേരെ എഎപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തെന്നാണ് കേള്‍വിയെന്നും പറഞ്ഞുള്ള ട്വീറ്റിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ കേജ്‌രിവാളിനെ വിമര്‍ശിച്ചത്.
















