കാഞ്ഞങ്ങാട്: വിഷമഴപെയ്തിറങ്ങിയ മണ്ണില്‍ സ്വാന്തനത്തിന്റെ തണലൊരുക്കി സായിപ്രസാദം വീടുകളൊരുങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന സായിപ്രസാദം ഭവനപദ്ധതിയിലെ മൂന്നുവീടുകളാണ് ഒരുമാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞമാസം പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. തുടര്‍ന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഇരിയ കാട്ടുമാടത്ത് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ ഭൂമിപൂജ നിര്‍വഹിച്ചതോടെ വീടുകളുടെ നിര്‍മാണമാരംഭിക്കുകയായിരുന്നു.
ജില്ലയുടെ പതിനൊന്നുപഞ്ചായത്തുകളിലായി എന്‍ഡോസള്‍ഫാന്‍ വിഷമഴയായി പെയ്തിറങ്ങിയപ്പോള്‍ ദുരിതജീവിതം സമ്മാനിച്ച 108 കുടുംബങ്ങള്‍ക്കാണ് സായിപ്രസാദം പദ്ധതിയിലൂടെ വീടു ലഭ്യമാക്കുന്നത്. മൂന്നു പഞ്ചായത്തുകളിലായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 36 വീടുകള്‍ വീതമുള്ള മിനി ടൗണ്‍ഷിപ്പാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇതില്‍ കുട്ടികളുടെ പാര്‍ക്ക്, ആരോഗ്യകേന്ദ്രം, അംഗന്‍വാടി, ആംഫി തിയറ്റര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും.
ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്നു വീടുകളുടെ താക്കോല്‍ ദാനം 25ന് തിരുവനന്തപുരം തോന്നക്കല്‍ സായിഗ്രാമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പങ്കെടുക്കും. മാര്‍ച്ച് 31ന് ആദ്യഘട്ടം നിര്‍മിക്കുന്ന 36 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി ദുരിതബാധിതര്‍ക്കു സമര്‍പ്പിക്കുമെന്ന് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ചെയര്മാന് കെ.എന്‍.ആനന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: