കണ്ണൂര്‍: ചെറുപുഴ മേഖലയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില ക്രിസ്റ്റ്യന്‍ പ്രമാണുമാരുമായി ഗൂഡാലോചന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കക്കറക്കാവ് നാഗസ്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര വിശ്വാസികള്‍ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ മൃഗീയമായ അക്രമം അഴിച്ചുവിട്ട് ഈ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ച മാര്‍ച്ച് വളരെ സമാധാനപരമായി നടത്തിയത് അലങ്കോലപ്പെടുത്താന്‍ ഈ മേഖലയിലുള്ള ചില പോലീസ് ഉദ്യോഗസ്ഥരടക്കം ഗൂഡാലോചന നടത്തിയതായി സംശയമുണ്ട്. വളരെ പ്രകോപനപരമായ രീതിയിലാണ് ചില പോലീസുകാരുടെ ഭാഗത്തു നിന്നും മാര്‍ച്ചില്‍ പങ്കെടുത്തവരുടെ നേരെ മാര്‍ച്ച് ആരംഭിച്ചതു മുതലുണ്ടായ പെരുമാറ്റങ്ങള്‍. ക്ഷേത്രത്തിനരികെ സെമിത്തേരി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുളപ്ര സെന്റ് അല്‍ഫോണ്‍സ ദേവാലയം അധികൃതരുടെ ശ്രമം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇതിനെതിരെ ഹൈന്ദവ സമൂഹത്തെ സംഘടിപ്പിച്ചുകൊണ്ട് സെമിത്തേരിയുടെ പ്രവര്‍ത്തനം എന്തു വിലകൊടുത്തും തടയുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. പ്രദീപ് ശ്രീലകം, കെ.വി.സഹദേവന്‍, കെ.ടി.വിജയകുമാര്‍, എ.രാം പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
















