ധാക്ക: ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റി. ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്(67), ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരി(66) എന്നിവരെയാണ് തൂക്കിലേറ്റിയത്.
1971ലെ സ്വാതന്ത്ര്യസമരത്തില്‍ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് കൂട്ടക്കൊല നടത്തിയതിനാണ് ഇരുവരെയും തൂക്കിലേറ്റിയത്. ധാക്ക സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു വധശിക്ഷ നടപ്പാക്കിയത്. ജയിലില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പോലീസിനേയും അര്‍ദ്ധസൈനികരെയും വിന്യസിച്ചു.
ഇരുവരുടെയും ദയാഹര്‍ജി പ്രസിഡന്റ് തള്ളിയിരുന്നു. ബംഗ്ലാദേശ് സുപ്രീംകോടതി വധശിക്ഷ ബുധനാഴ്ച ശരി വെച്ചിരുന്നു. പീഡനം, മാനഭംഗം, വംശഹത്യ എന്നിവയായിരുന്നു ചൗധരിയുടെ മേല്‍ ചുമത്തിയിരുന്ന കുറ്റങ്ങള്‍. വംശഹത്യ, കൊലപാതക ഗൂഢാലോചന, പീഡനം, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് മുഹമ്മദ് മുജാഹിദിനു മേല്‍ ചുമത്തിയിരുന്നത്. വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുന്പ് ഡൗധരിക്കും മുജാഹിദിനും കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കിയിരുന്നു.
















